എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി; തത്കാലം യുഡിഎഫിലേക്ക് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ല; ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല

കോട്ടയം: കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്റെ ക്ഷണം നിരസിച്ച് കെ.എം മാണി. യുഡിഎഫിലേക്ക് ഉടന്‍ മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മാണി വ്യക്തമാക്കി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്‌നേഹമോ ഇല്ല. ചരല്‍ക്കുന്ന് ക്യാമ്പില്‍ യുഡിഎഫ് വിടാന്‍ കൈക്കൊണ്ട തീരുമാനം തത്കാലം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മാണി പറഞ്ഞു.

മെറിറ്റ് നോക്കിയാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുന്നത്. യുഡിഎഫിലേക്ക് ക്ഷണിച്ചതിന് ഹസനോട് നന്ദിയുണ്ടെന്നും മാണി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍ കേരളാ കോണ്‍ഗ്രസിന് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് ഹസന്‍ ആവശ്യപ്പെട്ടിരുന്നു. മാണിയെ ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം സ്വയം പുറത്തുപോയതാണെന്നും ഹസന്‍ പറഞ്ഞു. മാണിയുടെ തിരിച്ചുവരവ് 21ന് ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. അദേഹം തിരിച്ചു വരണമെന്നാണ് യുഡിഎഫില്‍ എല്ലാവരും ആഗ്രഹിക്കുന്നതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ ഗുണം ചെയ്തു. മലപ്പുറത്ത് മാണി നല്‍കിയ പിന്തുണ യുഡിഎഫിനായിരുന്നുവെന്നും ഹസന്‍ പറഞ്ഞു. ഇതിനാണ് ഇപ്പോള്‍ മാണി മറുപടി നല്‍കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here