ഭാരം ചുമക്കുന്നവര്‍ക്കുമുണ്ട് അവകാശങ്ങള്‍ | കാട്ടാക്കട ശശി

കേരളത്തിലെ കടകമ്പോളങ്ങളിലും മലമുകളില്‍ കൂപ്പുകളിലും പാറ, മണല്‍ മേഖലയിലും കയറ്റിറക്കുരംഗത്ത് ഏര്‍പ്പെട്ടിട്ടുള്ള ചുമട്ടുതൊഴിലാളികളും ഈ മേഖലകളില്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുമാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളില്‍ ചുമട്ടുതൊഴിലാളി നിയമമുള്ള ഏകസംസ്ഥാനം കേരളമാണ്. 1977ല്‍ നിലവില്‍വന്ന ചുമട്ടുതൊഴിലാളി നിയമത്തെ അടിസ്ഥാനപ്പെടുത്തി 1984ല്‍ ഒരു പദ്ധതി പരീക്ഷണാര്‍ഥം തിരുവനന്തപുരത്ത് നടപ്പാക്കി.

ഒരു പ്രദേശത്ത് പണിയെടുക്കുന്ന തൊഴിലാളികളെ ഒരു പൂളാക്കി അതിനൊരു പൂള്‍ ലീഡറെയും നിശ്ചയിച്ച് വര്‍ക് ഓര്‍ഡര്‍ എഴുതി ജോലി ചെയ്യുന്ന പ്രക്രിയ ആരംഭിച്ചു. ചെയ്യുന്ന ജോലിയുടെ കൂലി കച്ചവടക്കാര്‍ രണ്ടാഴ്ചമുമ്പ് ബാങ്കില്‍ അടയ്ക്കുകയും ബാങ്കില്‍നിന്ന് തൊഴിലാളി എല്ലാ മാസവും അഞ്ചിന് മാസശമ്പളം വാങ്ങുന്ന രീതി നിലവില്‍വന്നു. ഈ പദ്ധതി തുടങ്ങുന്നതുവരെ, ജോലി ചെയ്ത് കിട്ടുന്ന കൂലി കണ്‍വീനര്‍ വാങ്ങി, വൈകിട്ട് യൂണിയന്‍ ഓഫീസില്‍വച്ച് തുല്യമായി പങ്കിട്ടുകൊടുക്കുന്ന രീതിയായിരുന്നു. തുടര്‍ന്നുവന്ന രീതിയില്‍ ഒരു മാറ്റം സംഭവിച്ചപ്പോള്‍ തൊഴിലാളികളില്‍ ചിലര്‍ക്കൊക്കെ പ്രതിഷേധമുണ്ടായെങ്കിലും വേഗം അത് മാറി. പദ്ധതി ഓരോ മാസവും സംസ്ഥാനത്ത് വ്യാപിക്കുകയായിരുന്നു. ഇന്നാകട്ടെ 120 ഓഫീസുള്ള, ഏതാണ്ട് 40,000 തൊഴിലാളികള്‍ പ്രതിമാസം 35 കോടി രൂപ വേതനം വാങ്ങുന്ന ഒരു മഹാപ്രസ്ഥാനമായി മാറി. ആയിരത്തോളം ജീവനക്കാര്‍ ക്ഷേമബോര്‍ഡില്‍ പണിയെടുക്കുന്നുണ്ട്. സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിയും വേതനവും കൈകാര്യം ചെയ്യുന്ന ഏകസ്ഥാപനം ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡുമാത്രമാണ്.

നാല്‍പ്പത്തിരണ്ടിനം ആനുകൂല്യങ്ങളും 11,000 രൂപ പെന്‍ഷനും നല്‍കുന്ന ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണ്. യന്ത്രവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ ടിപ്പര്‍ലോറി, ക്രെയിന്‍ എന്നിവ തൊഴില്‍രംഗത്ത് കടന്നുവരികയും തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. നിത്യോപയോഗസാധനങ്ങള്‍ ചെറിയ പാക്കറ്റുകളിലും ബോട്ടിലുകളിലും കമ്പനികള്‍ നേരിട്ട് വ്യാപാരകേന്ദ്രങ്ങളില്‍ എത്തിക്കുന്ന രീതിയും വന്നപ്പോള്‍ തൊഴില്‍ ഏറെ കുറഞ്ഞു. മണല്‍, പാറ, കൂപ്പ് മേഖലകളിലും തൊഴില്‍ കുറഞ്ഞിട്ടുണ്ട്. 2016 നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ട് അസാധുവാക്കിയതിലൂടെ വ്യാപാരമേഖലയില്‍ വലിയ പ്രതിസന്ധിയായി. അതും തൊഴിലാളികളുടെ തൊഴില്‍ കുറയാന്‍ ഇടയാക്കി.

നിയമത്തിലെ 26 എ വകുപ്പുപ്രകാരം കാര്‍ഡ് നല്‍കാനുള്ള അധികാരം എഎല്‍ഒക്കാണ്. എഎല്‍ഒയെ സ്വാധീനിച്ച്, കാര്‍ഡ് വാങ്ങുകയും ചില ഉടമകള്‍ തൊഴിലാളി അല്ലാത്തവരെക്കൊണ്ട് തൊഴില്‍ ചെയ്യിപ്പിക്കാന്‍ ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് സമ്പാദിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ട്. മൂന്നുലക്ഷത്തോളം കാര്‍ഡ് കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളതായാണ് തൊഴില്‍വകുപ്പിന്റെ കണക്ക്. തൊഴിലുമായി ഒരു ബന്ധവുമില്ലാതെ കൈവശം കാര്‍ഡുണ്ടെന്ന അവകാശത്താല്‍ നോക്കുകൂലിയും അമിതകൂലിയും വാങ്ങുന്നതിനും ആകെ ചുമട്ടുതൊഴിലാളികളെ മോശക്കാരായി ചിത്രീകരിക്കുന്നതില്‍ ഈ സംഭവങ്ങള്‍ ഇടവരുത്തുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്നനിലയില്‍ നിയമത്തിലെ 26 എ വകുപ്പനുസരിച്ച് തിരിച്ചറിയല്‍കാര്‍ഡ് കൊടുക്കുന്നതിനുള്ള അധികാരം ക്ഷേമബോര്‍ഡിന് നല്‍കിക്കൊണ്ടുള്ള നിയമഭേദഗതി ബോര്‍ഡ് പാസാക്കുകയും സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അംഗീകാരം കിട്ടിയാല്‍ അണ്‍അറ്റാച്ച്ഡ് തൊഴിലാളികളെ നിയന്ത്രിക്കുന്നതുപോലെ അസംഘടിത തൊഴിലാളികളെ നിയന്ത്രിക്കാന്‍ ക്ഷേമബോര്‍ഡിന് കഴിയും. ആക്ഷേപങ്ങള്‍ക്കതീതമായി ചുമട്ടുതൊഴിലാളി മേഖല മാറാന്‍ പോകുകയാണ്.

നിയമഭേദഗതിക്ക് അംഗീകാരം, 25 കിലോ പാക്കറ്റ് 25 ലിറ്റര്‍ ബോട്ടില്‍ എന്നിവ കമ്പനികള്‍ക്ക് കയറ്റിറക്ക് അവകാശം നല്‍കുന്ന വര്‍ക്കല കഹാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് അടിയന്തരമായും നടപ്പാക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ബോര്‍ഡുകള്‍ അടിയന്തരമായും പ്രഖ്യാപിക്കുക, പാറ മണല്‍ കൂപ്പ് മേഖലയിലെ സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുക തുടങ്ങിയവ അടിയന്തര ആവശ്യങ്ങളാണ്.

കേരളത്തിലെ ചുമട്ടുതൊഴിലാളികള്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നേടാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് കാലഘട്ടങ്ങളിലാണ്. ചുമട്ടുതൊഴിലാളികള്‍ക്ക് പെന്‍ഷന്‍, മറ്റാനുകൂല്യങ്ങളിലെ വര്‍ധന, അസംഘടിതവിഭാഗം തൊഴിലാളികള്‍ക്കുള്ള ധനസഹായം ഇതൊക്കെ 2006ലെയും 2016ലെയും എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്നാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. യുഡിഎഫ് ഭരണത്തെ അനുകൂലിക്കുന്ന സംഘടനകളുള്‍പ്പെടെ പങ്കെടുത്ത് നിരവധി നിവേദനവും സമരങ്ങളും നടത്തിയിട്ടും കഴിഞ്ഞ സര്‍ക്കാരില്‍നിന്ന് ഒരു നേട്ടവും നേടാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴാകട്ടെ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളുടെ ആനുകൂല്യം നല്‍കാന്‍ ആറരക്കോടി രൂപ അനുവദിച്ചു.

നേടിയ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാനും പുതിയത് നേടാനുമുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സമരപ്രസ്ഥാനമാണ് കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍. ഏപ്രില്‍ 19നും 20നും കോട്ടയം നഗരത്തിലാണ് 13ാം സംസ്ഥാന സമ്മേളനം ചേരുന്നത്. വ്യാപാരവും തൊഴിലും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഞങ്ങള്‍ കോട്ടയത്ത് ഒത്തുചേരുന്നത്. ഫെഡറേഷന്‍ നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ച പത്ത് ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാന്‍വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കും. ഉടന്‍ സര്‍ക്കാര്‍ അംഗീകരിക്കേണ്ട അഞ്ചു കാര്യങ്ങള്‍ സമ്മേളനം മുന്നോട്ടുവയ്ക്കും
(കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) (ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here