അറസ്റ്റിലായി മൂന്നു മണിക്കൂറിനുള്ളില്‍ വിജയ് മല്യയ്ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി; ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുവെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: പൊതുമേഖലബാങ്കുകളില്‍നിന്ന് ശതകോടികള്‍ കടമെടുത്തു മുങ്ങിയ കേസില്‍ അറസ്റ്റിലായ മദ്യവ്യവസായി വിജയ് മല്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത മൂന്നു മണിക്കൂറിനുള്ളിലാണ് മല്യയ്ക്ക് ജാമ്യം അനുവദിച്ചത്. വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്‌കോട്ട്‌ലന്റ് യാര്‍ഡാണ് മല്യയെ ലണ്ടനില്‍വച്ച് അറസ്റ്റ് ചെയ്തത്.

17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന്, വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ഥനയനുസരിച്ചായിരുന്നു നടപടി.

മല്യ രാജ്യം വിടാന്‍ ഇടയാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കരുതിക്കൂട്ടി കുടിശിക വരുത്തിയ ബിസിനസുകാരനായി മല്യയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും മല്യയെ വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചു. എല്ലാ വിമാനത്താവളങ്ങളിലും സിബിഐ ലുക്ഔട്ട് നോട്ടീസ് നല്‍കിയിരിക്കുമ്പോഴായിരുന്നു ഇത്.

ഏറ്റവും വലിയ മദ്യകമ്പനിയായ യുനൈറ്റഡ് ബ്രിവറീസിന്റെ ഉടമയായിരുന്നു മല്യ. ഈ കമ്പനി പിന്നീട് ഒരു ബഹുരാഷ്ട്രകുത്തകയ്ക്ക് കൈമാറി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ തുടക്കവും പത്തുവര്‍ഷത്തിനുശേഷം അത് അടച്ചിടേണ്ടിവന്നതുമാണ് മല്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

രാജ്യസഭാംഗമായിരിക്കെയാണ് മല്യ രാജ്യം വിട്ടത്. രണ്ടുതവണയാണ് മല്യ കര്‍ണാടകത്തില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും രണ്ടാമത് ബിജെപിയുടെയും ജെഡിഎസിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ എത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here