ശശികലയെയും ദിനകരനെയും എഐഎഡിഎംകെ പുറത്താക്കി; വിജയിച്ചത് പനീര്‍സെല്‍വത്തിന്റെ വാശി; തീരുമാനം ഏകകണ്ഠമെന്ന് മന്ത്രി ജയകുമാര്‍

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനം ഇല്ലാതാക്കി പാര്‍ട്ടി ലയനം സാധ്യമാക്കുന്നതിനാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടത്തിയത്.

തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ധനമന്ത്രി ഡി ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അതേസമയം, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്ത് എത്തിയേക്കും. ലയിച്ചാല്‍ താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്ന് കഴിഞ്ഞ ദിവസം പനീര്‍ശെല്‍വം പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു കമ്മിറ്റി ഉടന്‍ രൂപീകരിക്കും.

ജയലളിതയുടെ മരണത്തെതുടര്‍ന്ന് മുഖ്യമന്ത്രിയായ പനീര്‍ശെല്‍വത്തെ ശശികല രാജിവയ്പിച്ചതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ എഐഎഡിഎംകെ നെടുകെ പിളര്‍ന്നത്. പിളര്‍പ്പിനുശേഷം പാര്‍ട്ടി ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടി ഇരുവിഭാഗവും ആവശ്യമുന്നയിച്ചതോടെ തെരഞ്ഞെടുപ്പു കമീഷന്‍ ചിഹ്നം മരവിപ്പിച്ചു. രണ്ടില ചിഹ്നം ശശികല നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ അമ്മ വിഭാഗത്തിന് ലഭിക്കുന്നതിന് ടിടിവി ദിനകരന്‍ തെരഞ്ഞെടുപ്പു കമീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ദില്ലി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വീണ്ടും ഒന്നാകാനും രണ്ടില ചിഹ്നം പുനരുജ്ജീവിപ്പിക്കാനും നീക്കമാരംഭിച്ചത്.

തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ ശശികലയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് പനീര്‍സെല്‍വം എഐഎഡിഎംകെയുടെ ലയനസാധ്യത സജീവമാക്കിയത്. ജയലളിതയുടെ മരണത്തെതുടര്‍ന്നുണ്ടായ അധികാരത്തര്‍ക്കത്തില്‍ പനീര്‍സെല്‍വത്തിന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതോടെയാണ് ഫെബ്രുവരി ഏഴിന് പാര്‍ട്ടി പിളര്‍ന്നത്.

ലയനം സാധ്യമാക്കുന്നതിന് പളനിസ്വാമിയുടെ നിര്‍ദേശപ്രകാരം നടത്തിയ നീക്കത്തോട് അനുകൂലമായി പ്രതികരിച്ച പനീര്‍സെല്‍വം പക്ഷേ ഒരാവശ്യം മുന്നോട്ടുവച്ചു. പാര്‍ട്ടി ഒന്നാവുമ്പോള്‍ അതില്‍ ശശികലയും ദിനകരനുമുണ്ടാവരുത്. ആദ്യം അറച്ചുനിന്നെങ്കിലും മുഖ്യമന്ത്രി പളനിസ്വാമിയും മന്ത്രിമാരായ ഡി ജയകുമാറും കെ ശെങ്കോട്ടയ്യനും നേതൃത്വം നല്‍കുന്ന വിഭാഗം ശശികലയെയും ദിനകരനെയും കൈവിടാന്‍ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News