ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിട്ട് കാര്യമില്ലെന്ന് പിണറായി വിജയന്‍; മോദി സര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന് അരവിന്ദ് കെജ്‌രിവാള്‍

ദില്ലി: ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിണറായി ഇക്കാര്യം പറഞ്ഞത്. സൗഹൃദ സന്ദര്‍ശനം ആയിരുന്നെന്നും എന്നാല്‍ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും പിണറായി പറഞ്ഞു. ദില്ലി സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പോലും കേന്ദ്രം ശ്രമിക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ഫെഡറല്‍ അധികാരങ്ങളിലേക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടന്നുകയറുകയാണ്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിച്ചതു കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ ദില്ലി മുന്‍ അധ്യക്ഷനും മറ്റുമൊക്കെ ബിജെപിയില്‍ ചേര്‍ന്നത് എല്ലാവരും കണ്ടതാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നും പിണറായി പറഞ്ഞു.

മോദി സര്‍ക്കാര്‍ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ പേടിച്ചാണ് രാജ്യത്ത് ജീവിക്കുന്നത്. ഇത് അത്യന്തം ദുഃഖകരമായ അവസ്ഥയാണ്. പിണറായിയുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പിണറായി വിജയന്‍ നല്ല മനുഷ്യനാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു.

രാവിലെ എട്ടരയ്ക്ക് ദില്ലി കേരളാ ഹൗസിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രഭാത ഭക്ഷണവും കഴിച്ചാണ് ഇരുവരും പിരിഞ്ഞത്. മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News