ബാബറി മസ്ജിദ് കേസ്: അദ്വാനി അടക്കമുള്ളവര്‍ക്കെതിരെ വീണ്ടും ഗൂഢാലോചനക്കുറ്റം; അലഹബാദ് കോടതി വിധി സുപ്രീംകോടതി റദ്ദാക്കി; രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വീണ്ടും ഗൂഢാലോചനക്കുറ്റം. ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി.സി ഘോഷ്, റോഹിന്റന്‍ നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഗൂഢാലോചന കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. നേതാക്കള്‍ക്കെതിരെ റായ്ബറേലിയിലും കര്‍സേവര്‍ക്കെതിരെ ലക്‌നൗവിലുമാണ് കേസ് നടക്കുന്നത്. ഇത് ഒന്നിച്ച് ലക്‌നൗവില്‍ നടത്താനും കോടതി നിര്‍ദേശിച്ചു. കേസില്‍ പ്രതിദിന വാദം കേട്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയമിക്കും. കേസ് ഒന്നിപ്പിക്കുന്നതിനെ അദ്വാനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ എതിര്‍ത്തെങ്കിലും കോടതി തള്ളുകയായിരുന്നു.

അതേസമയം, ഗവര്‍ണര്‍ എന്ന പരിഗണനയില്‍, വിചാരണയില്‍ നിന്ന് കല്യാണ്‍ സിംഗിനെ കോടതി ഒഴിവാക്കി. സംഘ്പരിവാര്‍ നേതാക്കളായ സതീഷ് പ്രധാന്‍, സി.ആര്‍.ബെന്‍സല്‍, അശോക് സിംഘാള്‍, ഗിരിജ കിഷോര്‍, സാധ്വി ഋതംബര, വി.എച്ച് ഡാല്‍മിയ, വിനയ് കട്യാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍.

നേതാക്കള്‍ക്കെതിരെ സിബിഐ ആദ്യം ഗൂഢാലോചനക്കുറ്റം ചുമത്തിയെങ്കിലും 2001ല്‍ വിചാരണ കോടതി അത് ഒഴിവാക്കുകയായിരുന്നു. 2010ല്‍ ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 2011ല്‍ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു.

1992 ഡിസംബര്‍ ആറിനാണ് അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തത്. ഈ സംഭവത്തിലെ ഗൂഢാലോചനയെ തുടര്‍ന്ന് അദ്വാനി അടക്കം 20 പേര്‍ക്കെതിരെയും രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനക്ക് തെളിവ് കണ്ടെത്തിയാല്‍ വിചാരണ നേരിടാമെന്നാണ് അദ്വാനി അന്ന് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News