മുത്തലാഖ് തുടരുകയാണെങ്കില്‍ ഹിന്ദുമതം സ്വീകരിക്കും; പ്രഖ്യാപനവുമായി യുവതി രംഗത്ത്; ഫോണിലൂടെ തലാഖ് ചൊല്ലി ഭര്‍ത്താവ് ഉപേക്ഷിച്ചെന്ന് രഹനയുടെ പരാതി

ലക്‌നൗ: ഇസ്ലാം മതത്തില്‍ മുത്തലാഖ് തുടരുകയാണെങ്കില്‍ താന്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് മുത്തലാഖിന് ഇരയായ യുവതി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ രഹന റാസ എന്ന വീട്ടമ്മയാണ് മതം മാറാന്‍ തീരുമാനിച്ചെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുരുഷനെപ്പോലെ സ്ത്രീയ്ക്ക് തുല്യനീതി നല്‍കുന്നതുകൊണ്ടാണ് ഹിന്ദുമതത്തിലേക്ക് മാറാന്‍ ഉദേശിക്കുന്നതെന്നും രഹന പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാം മതത്തില്‍ സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. അതാണ് മുത്തലാഖിന് വഴിവയ്ക്കുന്നത്. ഉയര്‍ന്ന കുടുംബത്തിലെ അംഗമായിട്ട് കൂടി തനിക്ക് മുത്തലാഖിന്റെ നീതിനിഷേധം അനുഭവിക്കേണ്ടിവന്നതായും രഹന പറഞ്ഞു.

ഏപ്രില്‍ 14നായിരുന്നു സംഭവം. 1999ല്‍ വിവാഹം കഴിച്ചശേഷം അമേരിക്കയിലേക്ക് താമസം മാറി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്റെ സ്വഭാവം മാറി. തന്നെ ദിവസവും ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയെന്നും രഹന പറഞ്ഞു. 2011ല്‍ തന്നെയും മകനെയും ഭര്‍ത്താവ് നാട്ടില്‍കൊണ്ടുവന്നു. ന്യൂസീലന്‍ഡില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് ഭര്‍ത്താവ് പോവുകയും ചെയ്തു. തുടര്‍ന്നാണ് ഫോണില്‍ വിളിച്ച് തലാഖ് ചൊല്ലിയത്. അതിനെ എതിര്‍ത്തപ്പോള്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തന്റെ മേല്‍ ആസിഡ് ഒഴിച്ചുവെന്നും രഹന ആരോപിക്കുന്നു.

മുത്തലാഖ് ചൊല്ലിയെന്ന് ഭര്‍ത്താവും വീട്ടുകാരും പറയുന്നുണ്ടെങ്കിലും അത് ഒരിക്കലും അംഗീകരിക്കില്ലെന്ന് രഹന പറഞ്ഞു. നിയമപരമായി പോരാടാന്‍ തന്നെയാണ് രഹനയുടെ തീരുമാനം. ഇതിനിടെയാണ് തന്റെ പുതിയ തീരുമാനം രഹന മാധ്യമങ്ങളിലൂടെ അറിയിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here