ശശികല പക്ഷത്തിന് എംഎല്‍എമാരുടെ പിന്തുണയില്ല; ദിനകരന്റെ യോഗത്തിന് എട്ടു പേര്‍ മാത്രം; എംഎല്‍എമാരുടെ യോഗം റദ്ദാക്കി

ചെന്നൈ: രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡിഎംകെയില്‍ ശശികല വിഭാഗത്തിന് അന്ത്യമാവുകയാണ്. രാവിലെ 20 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ട് പാര്‍ട്ടി ജില്ലാ ഭാരവാഹികളുടേയും, നേതാക്കളുടേയും യോഗം വിളിച്ച ദിനകരന്‍, ഒടുവില്‍ വെറും എട്ട് എംഎല്‍എമാര്‍ മാത്രമാണ് തന്നോടൊപ്പമുള്ളതെന്ന് മനസിലാക്കി യോഗം റദ്ദാക്കി.

സഹോദരങ്ങളോട് യുദ്ധം ചെയ്യാന്‍ താല്‍പര്യമില്ലെന്നായിരുന്നു തോല്‍വി മുന്നില്‍ കണ്ട ദിനകരന്റെ താത്വിക പ്രതികരണം. പാര്‍ട്ടിക്കെതിരായി താന്‍ ഒന്നും ചെയ്യില്ലെന്നും ദിനകരന്‍ വ്യക്തമാക്കി. എന്നാല്‍ പനീര്‍ശെല്‍വത്തിന്റ കടുത്ത നിലപാടിനുമുന്നില്‍ മുട്ടുമടക്കാതെ വേറെ മാര്‍ഗമില്ല എന്നതായിരുന്നു ദിനകരന്റെ അവസ്ഥ.

ഇന്നലെ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ ദിനകരനെയും, സശികലയെയും പുറത്താക്കാനുള്ള നീക്കത്തിലേക്ക് മുഖ്യമന്ത്രി പളനി സാമിയും മറ്റു മന്ത്രിമാരും എത്തിയത് പനീര്‍സെല്‍വത്തിന്റെ തീരുമാനപ്രകാരമായിരുന്നു. ജനവികാരം പനീര്‍ശെല്‍വത്തിന് ഒപ്പമാണെന്ന് മനസിലാക്കിയ പളനി സാമി മറ്റ് മാര്‍ഗങ്ങളില്ലാതെ ഇരുവരെയും പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മാത്രമല്ല, ദിനകരനെ പിന്തുണക്കുന്ന എംഎല്‍എമാര്‍ ശശികല പക്ഷത്ത് എത്ര കാലം ഉറച്ച് നില്‍ക്കുമെന്നതിലും അവര്‍ക്ക് ഉറപ്പില്ല. തെരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാന്‍ കോഴ നല്‍കിയ കേസും കൂടി മുറുകുന്നതോടെ കൈ വിട്ട് കളിക്കാനും ദിനകരന് കഴിയില്ല. ഇനിയിപ്പോള്‍ ശശികലയെയും കൂട്ടി അണ്ണാ ഡിഎംകെയ്ക്ക് പുറത്തേക്ക് പോവുക എന്നത് മാത്രമാണ് ദിനകരന്റെ മുന്നിലുള്ള പോം വഴി. നാളെ ബംഗുളുരുവിലെത്തി ശശികലയെ കണ്ട ശേഷം പാര്‍ട്ടി പദവി രാജി വയ്ക്കുന്ന കാര്യത്തില്‍ ദിനകരന്‍ തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News