വലിയ ബാങ്കിന്റെ തീവെട്ടിക്കൊള്ള | ടി നരേന്ദ്രന്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലോകത്തെ വലിയ 50 ബാങ്കുകളിലൊന്നായി തീര്‍ന്ന 2017 ഏപ്രില്‍ ഒന്നുമുതല്‍, ആ ബാങ്കില്‍ നടപ്പാക്കിയ സര്‍വീസ് ചാര്‍ജ് വര്‍ധന ഇടപാടുകാര്‍ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്. വലിയ ബാങ്കാകുന്നത് ജനസേവനം മെച്ചപ്പെടുത്താനല്ല, സാമ്പത്തികശേഷിയുള്ളവര്‍ക്കേ ബാങ്കില്‍ സ്ഥാനമുള്ളൂ എന്ന നിലപാടിന്റെ ഔപചാരിക വിളംബരമാണത്.

ബാങ്കിനകത്ത് നിര്‍വഹിച്ചുവരുന്ന സകല ഇടപാടുകള്‍ക്കും കുത്തനെ ഫീസുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഫീസുകള്‍ക്കൊപ്പം 14.5ശതമാനം സര്‍വീസ് ടാക്‌സുകൂടിയാകുമ്പോള്‍ ജനങ്ങള്‍ക്കു മേലുള്ള ഭാരം പിന്നെയും കൂടും. സാധാരണക്കാര്‍ സ്വന്തം ജീവിതം ഉരുക്കിപ്പിടിച്ചുണ്ടാക്കുന്ന സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുന്നതിനും അത് എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനും ഫീസ് ഈടാക്കുന്നതിന്റെ ന്യായം യുക്തിഭദ്രമായി ഇനിയും വിശദീകരിച്ചിട്ടില്ല. കൂടാതെ ചെക്ക് ബുക്ക് കിട്ടാന്‍, എടിഎം കാര്‍ഡിന്, മറ്റൊരു അക്കൌണ്ടിലേക്ക് പണം മാറ്റാനുള്ള നിര്‍ദേശത്തിന്, ചെക്ക് പാസാക്കേണ്ടതില്ല എന്ന ആവശ്യത്തിന് തുടങ്ങി എല്ലാ ബാങ്ക് പ്രവൃത്തികള്‍ക്കും ഫീസും അതിന്മേല്‍ നികുതിയും കൊടുക്കണം.

ഈ പീഡനങ്ങള്‍ കേട്ട് അരിശം വന്ന് ബാങ്കിലെ അക്കൌണ്ട് അവസാനിപ്പിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍, അതിനും പിഴയുണ്ട് സേവിങ് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള പിഴ 573 രൂപയാണ്. രാജ്യത്തെ മാതൃകാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ വിധത്തില്‍ പെരുമാറുമ്പോള്‍, അനുചരന്മാരായ മറ്റെല്ലാ ബാങ്കുകളും ഈ കീഴ്വഴക്കം അതിവേഗത്തില്‍ അനുകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ നവസ്വകാര്യ ബാങ്കുകളാണ് കഴുത്തറപ്പന്‍ ചാര്‍ജുകള്‍ ഈടാക്കുന്നവര്‍ എന്ന ദുഷ്‌പ്പേര് ലഘൂകരിക്കപ്പെടുന്നു. അതുമല്ലെങ്കില്‍, അത്തരം ബാങ്കുകള്‍ക്ക് സ്റ്റേറ്റ് ബാങ്കിനേക്കാള്‍ മുന്തിയ ഫീസിനങ്ങള്‍ ഈടാക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്തിരിക്കുന്നത്. രണ്ടായാലും സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായിരുന്ന ജനകീയ ബാങ്കിങ്ങിന്റെ ശവസംസ്‌കാരകര്‍മമാണ് നടന്നുവരുന്നത്.

ഇങ്ങനെ പിഴിഞ്ഞൂറ്റിയെടുത്തിട്ടും ബാങ്കുകളുടെ ലാഭം കുറഞ്ഞു വരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കേണ്ടതായുണ്ട്. ബാങ്കുകള്‍ വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയും അവര്‍ നിക്ഷേപം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമാണല്ലോ ബാങ്കുകളുടെ ലാഭത്തിന്റെ അടിസ്ഥാനം. കൂടാതെ വിവിധയിനം കമീഷനുകള്‍, ചാര്‍ജുകള്‍ എന്നിവയും ബാങ്കുകള്‍ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. നിലവിലുള്ള പലിശനിരക്കുകളും ഫീസിനങ്ങളും വിലയിരുത്തുമ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്കൊന്നും നഷ്ടംവരേണ്ട സാഹചര്യമില്ല. ആ രീതിയില്‍ രാജ്യത്തെ എല്ലാ ബാങ്കും ഇപ്പോഴും മികച്ച പ്രവര്‍ത്തനലാഭത്തിലുമാണ്്.

എന്നാല്‍, ഈ പ്രവര്‍ത്തനലാഭത്തില്‍നിന്ന്, കിട്ടാക്കടങ്ങള്‍ക്കുള്ള ചെലവുകള്‍ എഴുതിയെടുക്കുമ്പോഴാണ് ബാങ്കുകളുടെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിച്ച്, അവരുടെ അറ്റ ലാഭം കുറയുകയോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയോ ചെയ്യുന്നത്. ഈ വിധമാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ 10 പൊതുമേഖലാ ബാങ്കിക്ക് നഷ്ടം സംഭവിച്ചതെന്ന് ബാങ്ക് രേഖകള്‍ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2016 മാര്‍ച്ചിലെ പ്രവര്‍ത്തനലാഭം 43,258 കോടി രൂപയാണ്. ഈ തുകയില്‍നിന്ന് 33,307 കോടി രൂപ കിട്ടാക്കടത്തിലേക്ക് നീക്കിവച്ചപ്പോള്‍ അറ്റലാഭം 9951 രൂപയായി ഇടിഞ്ഞു. 2015 മാര്‍ച്ചില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 39,537 കോടി രൂപയും അറ്റലാഭം 13,102 കോടി രൂപയമാണ്.

ആ വര്‍ഷം കിട്ടാക്കടം തുടങ്ങിയവയ്ക്കായി 26,436 കോടി രൂപ നീക്കിവച്ചെന്നു സാരം. അഥവാ വന്‍കിടക്കാര്‍ക്ക് അനുവദിച്ച വായ്പത്തുകകള്‍ കിട്ടാക്കടമായി തീര്‍ന്ന് അവ എഴുതിത്തള്ളുന്ന സമ്പ്രദായം വര്‍ധിക്കുന്നതിന്റെ ഭാഗമായിട്ടാണ്, ബാങ്കുകള്‍ വരുമാനശോഷണത്തിലേക്കും നഷ്ടത്തിലേക്കും നീങ്ങുന്നതെന്ന് തെളിയുകയാണ്. ഇങ്ങനെ വന്‍തോതില്‍ ഉയര്‍ന്നുപൊങ്ങുന്ന കിട്ടാക്കടങ്ങളുടെ പാപഭാരം തീര്‍ക്കാനുള്ള ഉപാധിയായിട്ടാണ്, നിഷ്‌കളങ്കരായ സാധാരണക്കാരുടെ മേല്‍ സര്‍വീസ് ചാര്‍ജ് എന്ന അധിക കൊള്ള നടപ്പാക്കുന്നതെന്നു കാണാം.

സ്റ്റേറ്റ് ബാങ്കിലുള്ള നിക്ഷേപ അക്കൌണ്ടുകളില്‍ മൂന്നുതവണയില്‍ കൂടുതല്‍ പ്രാവശ്യം അധികം പണം നിക്ഷേപിച്ചാല്‍ പിഴ ചുമത്തുമെന്ന വ്യവസ്ഥ ജനവിരുദ്ധവും രാഷ്ട്രപുരോഗതിയെ തുരങ്കംവയ്ക്കുന്നതുമാണ്. ജനങ്ങളുടെ പക്കലുള്ള മിച്ചസമ്പാദ്യം നിക്ഷേപിക്കാനാണ് അവര്‍ ബാങ്കിലെത്തുന്നത്. ബാങ്കുകളില്‍ പണം നിക്ഷേപിക്കാനായി ബാങ്കില്‍ വരുന്ന മുതലാളിമാരുടെ എണ്ണം തുലോം തുച്ഛമാണ്. അവര്‍ വായ്പ വാങ്ങാനാണ് പ്രധാനമായും ബാങ്കുകളെ സമീപിക്കാറുള്ളത്. അസംഖ്യം വരുന്ന ചെറുകിട ഇടത്തരം വരുമാനക്കാര്‍ നിക്ഷേപിച്ച ചെറുതും വലുതുമായ സമ്പാദ്യങ്ങളുടെ അപൂര്‍വ സഞ്ചയമാണ് ഇന്ത്യയിലെ ബാങ്കുകളില്‍ കുന്നുകൂടിയിട്ടുള്ള 111 ലക്ഷം കോടി രൂപയുടെ ബാങ്ക് നിക്ഷേപം. ഈ തുകയാണ് ബാങ്കുകള്‍ വായ്പയായും സര്‍ക്കാരിന്റെ രാഷ്ട്രനിര്‍മാണ പ്രക്രിയക്കുള്ള വിഭവമായും വിനിയോഗിക്കുന്നത്. ആ നിലയ്ക്ക് ബാങ്ക് നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുംവിധം ഇടപാടുകാരില്‍ പിഴ ചുമത്തുന്ന പ്രവൃത്തി തീര്‍ത്തും ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമാണ്‍ രാജ്യത്തെ ധനസ്രോതസ്സുകളില്‍ കുറവു വന്നപ്പോഴാണ്, ഇന്ത്യ ലോകബാങ്കിനെയും ഐഎംഎഫിനെയും സമീപിച്ച് വായ്പ വാങ്ങിയതും സ്വാതന്ത്ര്യംപോലും ഹനിച്ചതെന്നും ഇത്തരുണത്തില്‍ ശ്രദ്ധേയമാകുകയാണ്.

വിഭവദാരിദ്യ്രം അനുഭവിക്കുന്ന ഒരു നാട്ടില്‍ ജനങ്ങളുടെ സമ്പാദ്യത്തിന് പരമാവധി പലിശയും പ്രോത്സാഹനവും നല്‍കി, അവരുടെ ജീവിതമിച്ചം ബാങ്കുകളിലെത്തിക്കാനുള്ള നടപടിയാണ് യഥാര്‍ഥത്തില്‍ സ്വീകരിക്കേണ്ടത്. ഇടപാടുകാരെ രാജാവായി കാണണമെന്ന മഹാത്മാഗാന്ധിയുടെ വചനം സുപ്രസിദ്ധമാണ്; കസ്റ്റമര്‍ ഈസ് ദി കിങ്! ആ മഹാത്മാവിന്റെ നാട്ടിലാണ് ഇടപാടുകാരെ ശത്രുവായി കാണുന്നതും, പണമടയ്ക്കാന്‍ വരുന്നവര്‍ക്ക് പിഴ ഈടാക്കുന്നതും എന്നത് വിചിത്രമാണ്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനു പകരം കണ്‍സ്യൂമറിസം പ്രോത്സാഹിപ്പിക്കല്‍ ഈ നയത്തിന്റെ ഒരു ഗൂഢോദ്ദേശ്യമാണ്. ബാങ്കുനിക്ഷേപത്തിന്റെ പലിശ കുറയ്ക്കുമ്പോള്‍ ജനങ്ങളുടെ കൈവശമുള്ള പണം ഓഹരിക്കമ്പോളത്തിലേക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും വഴിതിരിച്ചുവിടാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയെപ്പോലുള്ള ഒരു അവികസിത രാജ്യത്തിന്റെ പൊതുവിഭവ സമാഹരണത്തിനെതിരായ നിലപാടെടുക്കുന്ന ബാങ്കുകളെ നിലയ്ക്കു നിര്‍ത്താനും, ആവശ്യമെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാനും കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്.

രണ്ടരപ്പതിറ്റാണ്ടായി രാജ്യത്തെ ബാങ്കിങ്ങിനെ സമ്പന്നാനുകൂലമായി മാറ്റിത്തീര്‍ക്കുന്ന പ്രക്രിയയെ കൂടുതല്‍ ത്വരിതപ്പെടുത്തുക എന്നതാണ് സ്റ്റേറ്റ് ബാങ്കിലൂടെ ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. അസോസിയറ്റ് ബാങ്കുകളെ പിടിച്ചെടുത്തത്, സാര്‍വത്രികമായ ബാങ്കുലയനപ്രക്രിയക്കുള്ള പച്ചക്കൊടിയായിട്ടാണ് കാണേണ്ടത്. മിനിമം ബാലന്‍സ് തുക കുത്തനെ ഉയര്‍ത്തുന്നതും സര്‍വീസ് ചാര്‍ജ് ഭീമമായി വര്‍ധിപ്പിച്ചതും സാമൂഹ്യ പെന്‍ഷന്‍കാരടക്കമുള്ള ചെറുകിട ഇടപാടുകാരെ ആട്ടിയോടിപ്പിക്കുന്നതിനുവേണ്ടിയാണ്. ഇങ്ങനെ ബാങ്കുകളില്‍നിന്ന് പുറന്തപ്പെടുന്നവര്‍ക്കുവേണ്ടിയാണ് സ്വകാര്യമേഖലയില്‍ പേമെന്റ് ബാങ്കുകളും (ഉദാ: എയര്‍ടെല്‍ ബാങ്ക്), സ്‌മോള്‍ ബാങ്കുകളും (ഉദാ: ഇസാഫ് ബാങ്ക്) സമീപകാലത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

അതേസമയം, ഇടപാടുകാരില്‍നിന്ന് ഒരു സര്‍വീസ് ചാര്‍ജും ഈടാക്കാത്ത സഹകരണ സംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കാനായി, അത്തരം സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കാനും ഇകഴ്ത്തിക്കാണിക്കാനും ആസൂത്രിത ശ്രമം നടക്കുന്നത് യാദൃച്ഛികമല്ല, ബോധപൂര്‍വമാണ്. സ്റ്റേറ്റ് ബാങ്കിന്റെ ബാങ്കിങ് പ്രവൃത്തികളില്‍ 90 ശതമാനവും ഔട്ട് സോഴ്‌സിങ്ങിലൂടെ റിലയന്‍സ് സ്ഥാപനങ്ങളാണ് നിര്‍വഹിക്കുന്നതെന്നറിയുമ്പോഴാണ്, മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഓരോരോ അധ്യായമാണ് നവലിബറല്‍ നയങ്ങളിലൂടെ പുറത്തു വരുന്നതെന്ന് കാണാനാകും. അഥവാ, ഭരണാധികാരികളുടെ വര്‍ഗനയത്തിനും അഭീഷ്ടത്തിനും അനുസൃതമായി, രാജ്യത്തെ മഹദ് സ്ഥാപനങ്ങളെയും അവയുടെ പ്രവൃത്തികളെയും ജനവിരുദ്ധമായും കോര്‍പറേറ്റ് അനുകൂലമായും മാറ്റിക്കൊണ്ടിരിക്കുന്നതാണ് ഇന്നത്തെ ബാങ്കിങ് കാഴ്ച. വന്‍തോതിലുള്ള ദുരിതത്തിനും പ്രയാസങ്ങള്‍ക്കും വിധേയരാകുന്ന സാമാന്യജനങ്ങളുടെ സംഘംചേരലും അവിടെ ഉരുത്തിരിയുന്ന പ്രതിരോധ പ്രതിഷേധങ്ങളുമാണ് അതിജീവനത്തിനുള്ള ഏക വാതായനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here