മഹല്ല് ഫണ്ട് അപഹരിച്ച പ്രതിയെ സംരക്ഷിച്ച് ലീഗ് നേതൃത്വം; നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് രാജിവെച്ചു

കണ്ണൂര്‍ : അഴിമതി ആരോപണത്തിന് വിധേയനായ നേതാവിനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മൂസാന്‍ കുട്ടിയാണ് രാജിവച്ചത്. അഴിമതിക്കാരനെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് രാജി.

പുറത്തിപ്പള്ളി മുന്‍ മഹല്‍ സെക്രട്ടറിയും ലീഗ് സംസ്ഥാന നിര്‍വ്വാഹകസമിതി അംഗവുമായ താഹിറിനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. വലിയന്നൂര്‍ പള്ളി മഹല്‍ കമ്മറ്റി ഫണ്ട് അപഹരിച്ച കേസിലായിരുന്നു അറസ്റ്റ്. വഖഫ് ബോഡും വിജിലന്‍സും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കെപി താഹിര്‍ 80 ലക്ഷം രൂപ അപഹരിച്ചതായി കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മൂസാന്‍ കുട്ടി ഫേസ്ബുക് വഴി അഭിപ്രായം തുറന്നുപറഞ്ഞത്. നേതാക്കള്‍ സംശയത്തിന് അതീതനായിരിക്കണം എന്നായിരുന്നു മൂസാന്‍കുട്ടിയുടെ വിവാദ ഫേസ്ബുക് പോസ്റ്റ്. പോസ്റ്റ് പിന്‍വലിക്കണമെന്ന് മൂസാന്‍കുട്ടിയോട് ലീഗ് നേതാക്കള്‍ആവശ്യപ്പെട്ടു.

എന്നാല്‍ ഫേസ്ബുക് പോസ്റ്റ് പിന്‍വലിക്കാന്‍ മൂസാന്‍കുട്ടി തയ്യാറായില്ല. ജാമ്യം ലഭിച്ച് തിരിച്ചെത്തിയ താഹിറിന് ലീഗ് നേതൃത്വം സ്വീകരണം നല്‍കിയതടക്കം മൂസാന്‍കുട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ഇതോടെ സംഭവം അന്വേഷിച്ച് 17ന് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.

എന്നാല്‍ 17ന് റിപ്പോര്‍ട്ട് നല്‍കാതെ മൂസാന്‍കുട്ടിയെ യോഗങ്ങളില്‍ വിമര്‍സിക്കാനും ഒറ്റപ്പെടുത്താനും ലീഗ് നേതൃത്വം ശ്രമിച്ചു. ഇതാണ് ലീഗ് നേതൃത്വവുമായി യൂത്ത് ലീഗ് നേതാവ് ഇടയാന്‍ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News