മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മിന്റെ രാജ്യവ്യാപക പ്രതിഷേധം; തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നു; കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്നു

ദില്ലി: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന മോദിസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ മെയ് മാസം രണ്ടാംപകുതിയില്‍ രാജ്യവ്യാപകമായി പ്രചാരണ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. രാജ്യത്തെ പൊതുവിതരണസംവിധാനം തകര്‍ക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പഞ്ചസാരയും നിഷേധിക്കുന്നു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു. ഈ പദ്ധതി ആധാറുമായി ബന്ധിപ്പിച്ചത് പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി. ഇവരുടെ വിരലടയാളം സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ ബയോമെട്രിക് വിവരങ്ങളുമായി പൊരുത്തപ്പെടാത്തത് പദ്ധതി നടത്തിപ്പിനെ ബാധിച്ചു. പൊതുമേഖലാസ്ഥാപനങ്ങളെ സര്‍ക്കാര്‍ അതിവേഗത്തില്‍ സ്വകാര്യവല്‍ക്കരിക്കുകയാണ്്. സാധാരണക്കാരുടെയും സംവരണവിഭാഗങ്ങളുടെയും തൊഴില്‍സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. കാര്‍ഷികപ്രതിസന്ധി രൂക്ഷമാക്കുന്ന നടപടികളാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണവും പ്രക്ഷോഭവും സംഘടിപ്പിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

കശ്മീര്‍പ്രശ്‌നം, തെരഞ്ഞെടുപ്പ് പരിഷ്‌കരണം, വര്‍ഗീയവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ മൂന്ന്് ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കും. ഇതര രാഷ്ട്രീയപാര്‍ടികളുടെയും രാഷ്ട്രീയേതര സംഘടനകളുടെയും സഹകരണം ഈ വിഷയങ്ങളില്‍ തേടും. വനിതാസംവരണ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി അഖിലേന്ത്യാ പ്രതിഷേധദിനം ആചരിക്കും. വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ലോക്‌സഭയില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രപതിഭവനില്‍നിന്ന് മതനിരപേക്ഷ ശബ്ദം ഉയരേണ്ടത് അത്യന്തം പ്രധാനമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമവായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സിപിഐഎം മുന്‍കൈ എടുക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News