താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസിന്റെ വെളിപ്പെടുത്തല്‍. തനിക്കിപ്പോള്‍ അഞ്ച് മാസം ഗര്‍ഭമുണ്ടെന്നാണ് സെറീന സ്‌നാപ് ചാറ്റിലൂടെ അറിയിച്ചത്. ഇത് വെളിപ്പെടുത്തുന്ന ഫോട്ടോയും സെറീന പുറത്തുവിട്ടു.

Serena-Williams

സെറീന ഗര്‍ഭിണിയാണെന്ന വിവരം അവരുടെ വക്താവായ കെല്ലി ബുഷ് നൊവാക്കും സ്ഥിരീകരിച്ചിട്ടുണ്ട്. സെറീന 2017ല്‍ പൂര്‍ണ വിശ്രമവും ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു. 35കാരിയായ സെറീനയുടെ എന്‍ഗെയ്ജ്‌മെന്റ് 33കാരനായ കാമുകന്‍ അലെക്‌സിസ് ഒഹാനിയനുമായി ഇക്കഴിഞ്ഞ ഡിസംബറില്‍ കഴിഞ്ഞിരുന്നു. റെഡിറ്റ് സഹ ഉടമ കൂടിയാണ് അലക്‌സിസ്. കാമുകന്‍ സെറീനയെ എടുത്തുനില്‍ക്കുന്ന ചിത്രവും വൈറലായിട്ടുണ്ട്. തങ്ങളുടെ പ്രിയതാരം അമ്മയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകരും വരവേറ്റത്.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണക്കു കൂട്ടുമ്പോള്‍, ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുമ്പോള്‍ താരം രണ്ടു മാസം ഗര്‍ഭിണിയായിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഹോദരി വീനസ് വില്യംസിനെയാണ് 82 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ സെറീന അന്ന് പരാജയപ്പെടുത്തിയത്.