രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ നിരാശയില്‍; വിദേശത്തേക്ക് മലയാളി നഴ്‌സുമാരെ വേണ്ട

വിദേശ ജോലി എളുപ്പത്തില്‍ സാധ്യമാകുമെന്ന ധാരണയിലാണ് ഭൂരിപക്ഷം പേരും നഴ്‌സിംഗ് രംഗത്തേക്കെത്തുന്നത്. എന്നാല്‍ സ്വപ്നതുല്യമായ ശമ്പളം മലയാളി നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ വ്യാമോഹമായി മാറിയിരിക്കുകയാണ്. വിദേശത്തേക്ക് റിക്രൂട്ടുമെന്റുകള്‍ നടക്കാത്തതാണ് പ്രധാന കാരണങ്ങളില്‍ ഒന്ന്.

സ്വകാര്യ ഏജന്‍സികള്‍ വന്‍ തുക വാങ്ങി റിക്രൂട്ട്‌മെന്റ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സ്വകാര്യ ഏജന്‍സികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലിബിയയിലും യമനിലും ആഭ്യന്തര കലഹമുണ്ടായപ്പോള്‍ ദുരിതത്തിലായ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാറിന് ഏറെ കടമ്പകള്‍ കടക്കേണ്ടിയും വന്നു. ഇതോടെയാണ് റിക്രൂട്ടുമെന്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയാക്കിയത്.

നോര്‍ക്ക, ഒഡെപെക് എന്നീ സര്‍ക്കാര്‍ ഏജന്‍സികളെയാണ് ഇതിനായി കേരളത്തില്‍ ചുമതലപ്പെടുത്തിയതെങ്കിലും നഴ്‌സുമാര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞു. ആയിരക്കണക്കിന് നഴ്‌സുമാര്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും കഴിഞ്ഞ വര്‍ഷം രണ്ടായിരത്തില്‍ താഴെ നഴ്‌സുമാര്‍ക്കു മാത്രമാണ് വിദേശത്തെത്താനായത്. വിദേശ, ആരോഗ്യമന്ത്രാലയങ്ങളുമായി കരാര്‍ ഒപ്പുവെയ്ക്കാനുളള കാലതാമസമാണ് സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

സ്വകാര്യ ഏജന്‍സികള്‍ വഴി പ്രതിവര്‍ഷം 25000ല്‍ അധികം നഴ്‌സുമാരാണ് വിദേശത്ത് എത്തിയിരുന്നത്. എന്നാല്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിദേശരാജ്യങ്ങളും കേരളത്തെ ഉപേക്ഷിച്ചു. കുവൈറ്റ് അടക്കമുളള ഗള്‍ഫ് മേഖലയിലേക്ക് ഫിലിപ്പിയന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതും മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചടിയായി.

കുവൈറ്റ്, സൗദി എന്നിവിടങ്ങളിലേക്ക് ഉടന്‍ റിക്രൂട്ട്‌മെന്റ് നടക്കുമെന്ന അറിയിപ്പുകളുണ്ടെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളുമായി കരാര്‍ ഒപ്പുവെച്ചിട്ടില്ലാത്തത് അവസരം കാത്തിരിക്കുന്നവരെ നിരാശയിലാക്കുകയാണ്. കരാര്‍ ഒപ്പിടാന്‍ വൈകുന്നതിന് പിന്നില്‍ സ്വകാര്യ ലോബികളുടെ സമ്മര്‍ദ്ദമാണെന്നാണ് ആരോപണങ്ങള്‍. ഇതിനിടെ എംബസികളും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 18 ഗള്‍ഫ് രാജ്യങ്ങളിലേക്ക് എംബസികളുടെ ഇമൈഗ്രേറ്റ് സംവിധാനം വഴി അപേക്ഷിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

വിദേശ, ആരോഗ്യമന്ത്രാലയങ്ങളില്‍ സ്വകാര്യ ലോബിയ്ക്കുളള സ്വാധീനവും മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നഴ്‌സുമാര്‍ വിദേശത്തേക്ക് എത്തുന്നതും കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ സര്‍ക്കാറിനുണ്ടാകുന്ന കാലതാമസവും നഴ്‌സുമാരുടെ ഭാവിതന്നെ അവതാളത്തിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here