ദില്ലി: അതിര്‍ത്തിയിലെ സൈനികര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് ബിഎസ്എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാന് തേജ് ബഹദൂര്‍ യാദവ്. ജവാന്മാര്ക്ക് നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും ശമ്പളമോ സൗകര്യങ്ങളോ വര്‍ധിക്കുന്നില്ലെന്നും തേജ് ആരോപിച്ചു.
ജവാന്മാരുടെ ആവലാതികള്‍ എന്തെന്ന് കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണമെന്നും തങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്ന് അപേക്ഷിക്കുന്നതായും തേജ് ബഹദൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തി തേജ് ബഹദൂര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പോസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന പരാതിയുമായാണ് വീഡിയോ പോസ്റ്റ് ചെയ്തത്. തങ്ങള്‍ക്കുള്ള അവശ്യസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്നും തേജ് ആരോപിച്ചിരുന്നു.
വീഡിയോ വാര്‍ത്തയായതോടെ സൈനിക മേധാവികള്‍ ഇടപെട്ട് കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് തേജിനെ മാറ്റി. വെളിപ്പെടുത്തലുകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിഎസ്എഫ് തേജിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂറിനെ സൈനിക സേവനത്തില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ബിഎസ്എഫ് ഇറക്കിയത്.
തേജ് ബഹദൂര്‍ വീഡിയോയില്‍ പറഞ്ഞത് ഇങ്ങനെ: ദയവ് ചെയ്ത് എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണം. ഞങ്ങളുടെ ദുരിതജീവിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായിക്കണം. മഞ്ഞുമൂടി കിടക്കുന്ന മേഖലകളില്‍ രാവിലെ ആറ് മണി മുതല്‍ ഉച്ചതിരിഞ്ഞ് അഞ്ച് മണി വരെയാണ് ജോലി. മഞ്ഞുണ്ടായാലും മഴയുണ്ടായാലും കൊടുങ്കാറ്റുണ്ടായാലും അതിനെ വകവെക്കാതെ പ്രതിദിനം പതിനൊന്ന് മണിക്കൂറോളം നില്ക്കുന്നു. ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ നിര്‍ബന്ധിതരായ നിരവധി സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രഭാതഭക്ഷണമായി ചായക്കൊപ്പം ലഭിക്കുന്നത് ഒരു പരാന്തയാണ് (ഉത്തരേന്ത്യന്‍ വിഭവം). ഉദ്യോഗസ്ഥര്‍ ഞങ്ങളോട് കാണിക്കുന്ന അതിക്രമങ്ങള്‍ നിങ്ങളെ കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിനെ ഞങ്ങള്‍ കുറ്റപ്പെടുത്തില്ല. സര്‍ക്കാര്‍ ആവശ്യമായതെല്ലാം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഉന്നത അധികൃതര്‍ എല്ലാം വിപണിയില്‍ വിറ്റ് പണം കൈക്കലാക്കുന്നു. എവിടേക്കാണ് സാധനങ്ങളെല്ലാം പോകുന്നത്? ആരാണ് വില്‍ക്കുന്നത്? ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷിക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ. ഈ പരിപ്പ്കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന് പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ?
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here