കേന്ദ്ര തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ കൂടുതല്‍ മന്ത്രിമാര്‍; എ.കെ ബാലനും ഇ.ചന്ദ്രശേഖരനും ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തു

തിരുവനന്തപുരം: വിശിഷ്ടവ്യക്തികള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കി സംസ്ഥാനത്തെ മന്ത്രിമാരും. കേന്ദ്ര തീരുമാനം മേയ് 1ന് പ്രാബല്യത്തില്‍ വരാനിക്കെയാണ് മന്ത്രിമാരായ ഡോ.തോമസ് ഐസക്, എ.കെ.ബാലന്‍, മാത്യു.ടി തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ ഔദ്യോഗികവാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ലൈറ്റ് നീക്കം ചെയ്ത് മാതൃകയായത്.

രാജ്യത്ത് വിഐപി സംസ്‌കാരം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേയ് ഒന്നുമുതല്‍ രാജ്യത്തെ വാഹനങ്ങളിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.

തോമസ് ഐസക്കും മാത്യു.ടി തോമസും മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് തങ്ങളുടെ വാഹനങ്ങളില്‍ നിന്ന് ചുവപ്പ് ബീക്കണ്‍ ലൈറ്റ് മാറ്റിയതിന് ശേഷമായിരുന്നു. മന്ത്രിസഭായോഗത്തിനുശേഷം മന്ത്രിമാരായ എ.കെ ബാലന്‍.ഇ.ചന്ദ്രശേഖരന്‍ എന്നിവരും ചുവന്ന ലൈറ്റ് ഉപേക്ഷിച്ചു. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്,ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ ,മേയര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ക്കും വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യേണ്ടിവരും.

ബീക്കണ്‍ നിരോധനം ഏര്‍പ്പെടുത്തി മോട്ടോര്‍വാഹനനിയമത്തിന്റെ ചട്ടം ഭേദഗതിചെയ്യുന്ന വിജ്ഞാപനം കേന്ദ്രം ഉടന്‍ പുറപ്പെടുവിക്കും. അത്യാഹിതസേവനങ്ങള്‍ക്കായുള്ള ആംബുലന്‍സ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, സൈന്യം എന്നിവയുടെ വാഹനങ്ങള്‍ക്ക് നീല നിറത്തിലുള്ള ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കാം. ബീക്കണ്‍ ലൈറ്റ് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും ഇതുവരെയ്ക്കും നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here