ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വിവാദത്തില്‍; ഇത്തവണ തര്‍ക്കം പൊലീസിനോട്

മുംബൈ: മലയാളിയായ എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്റെ പേരില്‍ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വാര്‍ത്തകളില്‍. എടിഎമ്മില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനോട് കയര്‍ക്കുന്ന എംപിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ എടിഎമ്മില്‍ നിന്ന് പണം ലഭിക്കാതെ വന്നപ്പോഴാണ് എംപിക്ക് കലിയിളകിയത്. സമീപത്തുളള എടിഎമ്മുകളിലൊന്നും പണം ലഭിക്കാതെ വന്നതോടെ പ്രകോപിതനായ എംപി അനുനായികളെയും കൂട്ടി എടിഎമ്മിന് മുന്നില്‍ പ്രതിഷേധവും തുടങ്ങി. ഗതാഗതം പോലും സ്തംഭിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയപ്പോള്‍, അനുനയശ്രമത്തിനെത്തിയ പൊലീസിനോട് അസഭ്യ വര്‍ഷം ചൊരിയുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

15 ദിവസമായി എടിഎമ്മുകളില്‍ പണമില്ലെന്നും ബിജെപി സര്‍ക്കാര്‍ വെറും 50 ദിവസം ആവശ്യപ്പെട്ടിടത്ത് ഇപ്പോള്‍ നൂറു ദിവസം കഴിഞ്ഞിട്ടും നോട്ട് ക്ഷാമം തീര്‍ന്നില്ലെന്നും എംപി കുറ്റപ്പെടുത്തി.

നേരത്തെ പൂനെയില്‍ നിന്ന് ദില്ലിയിലേക്കുളള ഇക്കണോമി ക്ലാസ് മാത്രമുളള വിമാനത്തില്‍ കയറിയ ശേഷം ബിസിനസ് ക്ലാസ് സീറ്റ് വേണമെന്ന് പിടിവാശി കാണിച്ച എംപി, ഡ്യൂട്ടി മാനേജരായ മലയാളിയെ ചെരിപ്പൂരി അടിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് വിമാനക്കമ്പനികള്‍ ഗെയ്ക്ക് വാദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here