കോഴിക്കോട് വയനാട് റൂട്ടിലെ അനധികൃത സര്‍വ്വീസ്; പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു; #PeopleTV Impact

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു. ദേശസാല്‍കൃത റൂട്ടിലൂടെ സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നത് സംബന്ധിച്ച് പീപ്പിള്‍ ടിവി നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.

പീപ്പിള്‍ ടിവി വാര്‍ത്തയെ തുടര്‍ന്ന് ആര്‍ടിഎയും കെഎസ്ആര്‍ടിസിയും പൊലീസും സംയുക്ത പരിശോധന ശക്തമാക്കിയിരുന്നു. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശാനുസരണം ആര്‍ടിഒ ആണ് നടപടിയെടുത്തത്. 1986 മുതലാണ് കോഴിക്കോട് വയനാട് റൂട്ടില്‍ നിബന്ധനകളോടെ സര്‍വ്വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത്. ദേശസാല്‍കൃത റൂട്ടില്‍ നേരിട്ട് പ്രവേശിച്ച് സര്‍വ്വീസ് നടത്താന്‍ അനുമതിയില്ലാത്ത സ്വകാര്യ ബസുകള്‍ ഗ്രാമീണ മേഖലയിലേക്ക് സര്‍വ്വീസ് നടത്താന്‍ ലഭിച്ച പെര്‍മിറ്റിന്റെ മറവില്‍ ദേശസാല്‍കൃത റൂട്ടിലൂടെ സര്‍വ്വീസ് നടത്തി വരികയായിരുന്നു. ഇതുമൂലം കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട വരുമാനത്തില്‍ നിന്ന് ലക്ഷങ്ങളുടെ ചോര്‍ച്ചയാണുണ്ടാവുന്നത്.

പെര്‍മിറ്റ് റദ്ദാക്കിയതില്‍ വയനാട് ജില്ലക്കകത്ത് സര്‍വ്വീസ് നടത്തുന്നതും കോഴിക്കോടേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുമുണ്ട്. നിയമലംഘനവുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാത്ത ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയ സാഹചര്യത്തില്‍ യാത്രാക്ലേശം കുറക്കാന്‍ എട്ട് ഷെഡ്യൂളുകളിലായി പുതിയ സര്‍വ്വീസുകള്‍ കെഎസ്ആര്‍ടി വിവിധ ഡിപ്പോകളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിന്നും സര്‍വ്വീസ് നടത്തുന്ന പത്ത് ബസുകളുടെ സര്‍വ്വീസ് റദ്ദാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോഴിക്കോട് ആര്‍ടിഎ അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഈ ബസുകള്‍ക്കെതിരെയും നടപടി സ്വീകരിക്കും. പരിശോധന ശക്തമാക്കാനും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ബസുകളുടെ പെര്‍മിറ്റ് പൂര്‍ണ്ണമായും റദ്ദാക്കാനുമാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here