ഉത്തരവാദിത്ത ബോധമില്ലാത്തയാളാണ് ശ്രീശ്രീ രവിശങ്കറെന്ന് ഹരിത ട്രൈബ്യൂണല്‍; എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വിവാദ പരാമര്‍ശത്തില്‍ മറുപടി

ദില്ലി: ഉത്തരവാദിത്ത ബോധമില്ലാത്തയാളാണ് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. യമുന നദീതീരത്തെ സാംസ്‌കാരികാഘോഷത്തില്‍ പരിസ്ഥിതിക്ക് ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി സര്‍ക്കാറും കോടതിയുമാണെന്ന് കഴിഞ്ഞ ദിവസം ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ട്രൈബ്യൂണല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

സാമൂഹികമായ ഉത്തരവാദിത്തം പാലിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. നിങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധമില്ല, എന്തുവേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?-ട്രൈബ്യൂണല്‍ ചോദിക്കുന്നു. പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി.

യമുന നദീതീരം അത്രമാത്രം നിര്‍മ്മലവും ശുദ്ധവുമാണെങ്കില്‍ അത് നശിപ്പിക്കുന്ന ആഘോഷങ്ങള്‍ സര്‍ക്കാര്‍ തടയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1000 ഏക്കര്‍ സ്ഥലത്ത് നടന്ന പരിപാടിയുടെ സ്റ്റേജ് മാത്രം ഏഴ് ഏക്കര്‍ വ്യാപിച്ചതായിരുന്നു. പരിപാടി യമുനാ തീരത്തെ നശിപ്പിച്ചെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചിരുന്നു. യമുനയെ ശുദ്ധീകരിക്കാന്‍ പത്തു വര്‍ഷം എടുക്കുമെന്നും 42 കോടി രൂപ ചെലവുണ്ടെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി. പരിപാടി സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ചുകോടി രൂപയാണ് പിഴയിട്ടത്. എന്നാല്‍ ഈ തുക ഇതുവരെ ആര്‍ട്ട് ഓഫ് ലിവിങ്ങ് സംഘാടകര്‍ അടച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News