സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തിയല്ല, കേന്ദ്രം ശക്തമാകേണ്ടതെന്ന് പിണറായി വിജയന്‍; ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് മോദി നടപ്പാക്കുന്നത്

തിരുവനന്തപുരം: സാമ്രാജ്യത്വകാലത്തെ കോളനികളെന്ന പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തിയല്ല, കേന്ദ്രം ശക്തമാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എകെജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി. ഫെഡറല്‍ സംവിധാനം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി മുഖ്യമന്ത്രി ചെല്ലുമ്പോള്‍ പ്രധാനമന്ത്രി അനുമതി നല്‍കുന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കം. എന്നാല്‍ രണ്ട് ദുരനുഭവങ്ങള്‍ കേരളത്തിനുണ്ടായി. സംസ്ഥാനതാല്‍പര്യങ്ങള്‍ നോക്കാതെ സാര്‍ക്ക്, ഗാട്ട് കരാറുകള്‍ ഒപ്പുവെയ്ക്കുന്നു. കേരളത്തിലെ റബ്ബറും വെളിച്ചെണ്ണയും വാണിജ്യ പ്രതിസന്ധിയിലായത് സംസ്ഥാനമറിയാതുള്ള അന്താരാഷ്ട്രകരാറുകള്‍ മൂലമാണ്. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ ഗവര്‍ണറും രാഷ്ട്രപതിയും അംഗീകരിക്കാത്ത സംഭവങ്ങള്‍ ഏറിവരുന്നു. സംസ്ഥാനത്തോട് ആലോചിക്കുക പോലും ചെയ്യാതെ ഗവര്‍ണര്‍മാരെ നിയമിക്കുന്നു. തെരഞ്ഞെടുപ്പില്‍ വലിയ കക്ഷിയായാലും ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം നോക്കി അധികാരം നിഷേധിക്കുകയാണ്. നിരവധി സാമ്പത്തിക നിയന്ത്രണങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്ന ആര്‍എസ്എസ് നയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പറയുന്നത് ചെയ്യാതിരിക്കുകയും ചെയ്യാന്‍ പോകുന്നത് പറയാതിരിക്കുകയും ചെയ്യുന്ന ആര്‍എസ്എസിന്റെ പതിവ് ശൈലിയില്‍ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പ്രസംഗിക്കുകയും അധികാര കേന്ദ്രീകരണം നടപ്പാക്കുകയുമാണ് ചെയ്യുന്നത്. അവര്‍ പറയുന്ന ഏകശിലാവാദം സര്‍വ്വവൈവിധ്യങ്ങളേയും നിഷേധിക്കുന്നതാണ്. സംസ്ഥാനങ്ങളുടേയും പൗരജനങ്ങളുടേയും അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ പോരാടേണ്ട നാളുകളിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെഎം മാണി, ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം, എകെജി പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ എ വിജയരാഘവന്‍, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News