വീട്ടുജോലിക്കാരിയെ പട്ടിക്കൊപ്പം കിടത്തിയ വനിതാ സിഇഒയ്ക്ക് പണികിട്ടി; ഇന്ത്യന്‍ ജോലിക്കാരിക്ക് നല്‍കേണ്ടത് 87 ലക്ഷം രൂപ

കാലിഫോര്‍ണിയ: ഇന്ത്യയില്‍ നിന്നെത്തിയ വീട്ടുജോലിക്കാരിക്ക് വാഗ്ദാനം ചെയ്ത ശമ്പളം നല്‍കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യന്‍ വംശജയായ സിഇഒയ്ക്ക് 87 ലക്ഷം രൂപയുടെ പിഴ. റോസ് ഇന്റര്‍നാഷണല്‍ ആന്റ് ഐടി സ്റ്റാഫിങ് എന്ന കമ്പനിയുടെ സിഇഒ ഹിമാന്‍ശു ഭാട്ടിയയ്‌ക്കെതിരെയാണ് കോടതി വിധി. അമേരിക്കന്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

ഇന്ത്യയില്‍ നിന്നെത്തിയ ഷീല നിങ്വാള്‍ എന്ന ജോലിക്കാരിക്ക് മാസം 400 ഡോളര്‍ ശമ്പളവും ഭക്ഷണവും താമസവും ആയിരുന്നു ഇവര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഷീലയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ഹിമാന്‍ശു പല മാസങ്ങളിലും വാഗ്ദാനം ചെയ്ത മാസ ശമ്പളം ഇവര്‍ക്ക് നല്‍കിയില്ല. വീട്ടിലെ ഗ്യാരേജില്‍ വളര്‍ത്തുനായക്കൊപ്പമായിരുന്നു ഷീല അന്തിയുറങ്ങേണ്ടിയിരുന്നത്. നായയ്ക്ക് കിടക്കാന്‍ കിടക്കയും മറ്റ് സൗകര്യങ്ങളും നല്‍കിയപ്പോഴും ഒരു ചവിട്ടി മാത്രമാണ് ഷീലയ്ക്ക് നല്‍കിയിരുന്നത്.

അമേരിക്കയിലെ തൊഴില്‍ നിയമങ്ങള്‍ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തുന്നത് കണ്ട് ഹിമാന്‍ശു 2014ല്‍ വീട്ടുജോലിക്കാരിയെ പിരിച്ചുവിടുകയായിരുന്നു. കൃത്യം ശമ്പളം കൈപ്പറ്റിയിരുന്നു എന്ന് രേഖയില്‍ ഒപ്പിടാനും നിര്‍ബന്ധിച്ചു. എന്നാല്‍ ഷീല ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് കോടതി നടപടി.

ശമ്പള കുടിശികയായി 54, 448 ഡോളറും നഷ്ടപരിഹാരമായി 80,652 ഡോളറും നല്‍കാനാണ് അമേരിക്കന്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ ദ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയുടെ വിധി. ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് ഹിമാന്‍ശു ജോലിക്കാരിക്ക് 87 ലക്ഷം രൂപ നല്‍കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here