നന്ദന്‍കോട് കൂട്ടകൊലക്കേസ്: കേദല്‍ വീണ്ടും റിമാന്‍ഡില്‍; കൊലപാതകം ആസൂത്രിതവും ക്രൂരവുമെന്ന് പൊലീസ്

തിരുവനന്തപുരം: കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നന്ദന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേദല്‍ ജീന്‍സനെ വീണ്ടും കോടതി റിമാന്‍ഡ് ചെയ്തു. കേദല്‍ നടത്തിയത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകം എന്ന നിലയില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുന്നത്.

നന്ദന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെ കൂട്ടകൊല ചെയ്തകേസില്‍ പ്രതിയായ കേദലിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പൊലീസ് കേദലിനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി കേദലിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. നന്ദന്‍കോട് വീട്ടിലും പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ചെന്നൈയിലും കേദലിനെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കേദലിനെ സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. സാഹചര്യതെളിവുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തിരിക്കുന്നത് ആസൂത്രിതമായും ക്രൂരമായാണെന്നും പൊലീസ് വ്യക്തമാക്കി.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലപാതകത്തില്‍ പ്രതിക്കുള്ള ശിക്ഷയ്ക്ക് വഴിയൊരുക്കുക, സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമായിരിക്കും. ഡിഎന്‍എ, ഫോറന്‍സിക് ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഫോറന്‍സിക് സര്‍ജന്‍ ഉടന്‍ പൊലീസിന് കൈമാറും.

റിപ്പോര്‍ട്ടുകള്‍ എല്ലാം ലഭിച്ചാല്‍ ഉടന്‍ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കും. മൊഴിയെടുക്കലിന്റെ തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള കേദലിന്റെ ശ്രമം പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. ശാസ്ത്രീയതെളിവുകള്‍ പൂര്‍ണ്ണമായും വിശകലനം ചെയ്ത് ആവും അന്വേഷണ ഉദ്യോഗസ്ഥന്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News