‘പുലിമുരുകന്‍ മാല’ അരുണ്‍ പ്രഭാകറിന് മോഹന്‍ലാല്‍ കൈമാറി; കൂടെയൊരു അപ്രതീക്ഷിത പ്രഖ്യാപനവും

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല, ലേലത്തില്‍ പിടിച്ച അരുണ്‍ പ്രഭാകറിന് മോഹന്‍ലാല്‍ തന്നെ സമ്മാനിച്ചു. കൊച്ചി ട്രാവന്‍കൂര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാല അരുണ്‍ ഏറ്റുവാങ്ങി. ലേല സമയത്ത് അരുണ്‍ യാത്രയിലായിരുന്നതിനാല്‍ മാനേജര്‍ മാത്യൂ ജോസ് ആണ് ലേലത്തില്‍ പങ്കെടുത്തത്. ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അരുണ്‍ മാല വാങ്ങിയത്. ഈ തുക ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് താരത്തിന്റെ തീരുമാനം.

ഇതാണ് ആ മാല, കണ്ടോ എന്നു പറഞ്ഞുകൊണ്ടാണ് ലാല്‍ അത് കൈമാറിയത്. ഇത്തരം പ്രവൃത്തികള്‍ വലിയ കാര്യമാണെന്ന് മാല സമ്മാനിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മുന്‍പ് ഇതുപോലെ ലേലം ചെയ്തത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലെ വാച്ചായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത് വലിയൊരു ചിന്താധാരയാണ്. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യാനാവുമെന്നതിന്റെ ഉദാഹരണമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന സിനിമയില്‍ തനിക്കൊരു കണ്ണാടിയുണ്ടെന്നും അതും ഇത്തരത്തില്‍ ലേലം ചെയ്യുമെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി.

മോഹന്‍ലാലിന്റെ ദ കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലൂടെയായിരുന്നു പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല ലേലത്തില്‍ വച്ചത്. മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കൂടാതെ അദ്ദേഹത്തിന്റെ പുസ്തകങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഈ സൈറ്റില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ ലാലിന്റെ കയ്യൊപ്പോടെയാണ് ലഭിക്കുക. മോഹല്‍ലാലിന്റെ സിനിമകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങളും സൈറ്റില്‍ ഉണ്ട്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 150 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News