കോളേജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോയും നമ്പറും പെണ്‍വാണിഭ സൈറ്റില്‍; കോളേജില്‍ നിന്ന് ചോര്‍ന്നതെന്ന് സംശയം; കോളേജില്‍ നിരവധി മലയാളികളും

മൈസൂരു: മൈസൂരുവിലെ പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്ന ലോക്കാന്റോയിലാണ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും പ്രത്യക്ഷപ്പെട്ടത്.

ദിവസേന നിരവധി അപരിചിതരുടെ ഫോണ്‍വിളികളെത്തിയതോടെയാണ് വിദ്യാര്‍ഥിനികള്‍ ആശങ്കയിലായത്. അശ്ലീലച്ചുവയോടെയായിരുന്നു പല സംഭാഷണങ്ങളും. ഇതോടെ നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന് വിദ്യാര്‍ഥിനികളുടെ അന്വേഷണത്തിലാണ് പെണ്‍വാണിഭ സൈറ്റില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്ന് വിളിച്ചവര്‍ തന്നെ പറഞ്ഞത്.

ഒരേ കോളേജില്‍ നിന്നുള്ള ഇത്രയും വിദ്യാര്‍ത്ഥിനികളുടെ നമ്പറും ചിത്രങ്ങളും നല്‍കിയതിന് പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് വിദ്യാര്‍ഥിനികളുടെയും പൊലീസിന്റെയും നിഗമനം. കോളേജില്‍ അഡ്മിഷന്‍ സമയത്ത് നല്‍കിയ അതേ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

കോളേജുമായി ബന്ധമുള്ള ആരോ ആണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെയും സംശയം. മലയാളി പെണ്‍കുട്ടികളടക്കം ഒട്ടേറെ വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന കോളേജിലെ കൂടുതല്‍ പേരുടെ ചിത്രങ്ങളും ഫോട്ടോയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണത്തിന് കേസ് സൈബര്‍ പൊലീസിന് കൈമാറിയതായി ജയലക്ഷ്മിപുരം പൊലീസ് അറിയിച്ചു.

ലോക്കാന്റോ വെബ്‌സൈറ്റ് ഇതിനും മുമ്പും വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് സര്‍വ്വീസ് എന്ന പേരിലാണ് ഇത്തരം വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അരങ്ങൊരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News