ആര്‍എസ്എസ് വര്‍ഗീയധ്രുവീകരണം ശക്തമാക്കിയിരിക്കുകയാണെന്ന് സിപിഐഎം; കേന്ദ്ര ഭരണം ഉപയോഗിച്ച് രാജ്യത്ത് സ്വാധീനം വര്‍ധിപ്പിക്കുന്നു

ദില്ലി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തിനുശേഷം ആര്‍എസ്എസും ബിജെപിയും വര്‍ഗീയധ്രുവീകരണത്തിനുള്ള കടന്നാക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര ഭരണം ഉപയോഗിച്ച് ആര്‍എസ്എസ് രാജ്യത്ത് സ്വാധീനം വര്‍ധിപ്പിക്കുകയാണെന്ന് രണ്ടുദിവസത്തെ കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വിജയത്തിനും യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണത്തിനും പിന്നാലെ വര്‍ഗീയ കടന്നാക്രമണം അഴിച്ചുവിട്ടു. നിയമവിരുദ്ധ അറവുശാലകള്‍ പൂട്ടിക്കുന്നുവെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ ഇറച്ചിവ്യവസായത്തിനുനേരെ നടക്കുന്ന ആക്രമണം 24 ലക്ഷംപേരുടെ ജീവിതമാര്‍ഗത്തെയും മാംസക്കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചു.

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗോരക്ഷയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാസമിതികള്‍ നിരപരാധികളായ മുസ്‌ളിങ്ങളുടെയും ദളിതരുടെയും ജീവന്‍ അപഹരിക്കുന്നു. രാജസ്ഥാനിലെ അല്‍വറില്‍ പെഹ്ലുഖാന്റെ കൊലപാതകം ഈ ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ്. ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡുകള്‍ നിരപരാധികളായ യുവജനങ്ങളെ ദ്രോഹിക്കുകയാണ്.

ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ട് ആക്രമണം സംഘടിപ്പിക്കുകയാണ് ബിജെപിയും ആര്‍എസ്എസും. പ്രത്യേകിച്ച് കേരളത്തിലും പശ്ചിമബംഗാളിലും തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയിലും. ബിജെപിയുടെ ഭാവി മുന്നേറ്റപദ്ധതികള്‍ക്ക് പ്രധാന തടസം ഇടതുപക്ഷവും സിപിഐഎമ്മുമാണെന്ന് അവര്‍ കാണുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News