മദ്യനിരോധനം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് ഋഷിരാജ് സിംഗ്; സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടി

കൊച്ചി: പെട്ടെന്നുള്ള മദ്യനിരോധനം അപകടകരമായ അവസ്ഥയുണ്ടാക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വന്‍തോതില്‍ കൂടിയിട്ടുണ്ട്. മദ്യനിയന്ത്രണമാണോ ഇതിന് കാരണം എന്ന് ഉറപ്പിക്കാനാവില്ലെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത് അത് തന്നെയാണെന്നും എക്‌സൈസ് കമീഷ്ണര്‍ കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് മയക്കുമരുന്നുള്‍പ്പെടയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നുവെന്നാണ് എക്‌സൈസിന്റെ കണക്കുകള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ മയക്കുമരുന്നുകളുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തില്‍ കൊച്ചിയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്തെന്നും എക്‌സൈസ് വ്യക്തമാക്കുന്നു.

തിടുക്കത്തിലുള്ള മദ്യനിരോധനം സംസ്ഥാനത്ത് അപകടകരമായ അവസ്ഥയുണ്ടാക്കുമെന്നും കൂടുതല്‍ പേര്‍ മയക്കുമരുന്നിന് അടിമകളാകുന്നുവെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തെ അപേക്ഷിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം നാലിരട്ടി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 83.5 ലക്ഷം രൂപയുടെ മയക്കുമരുന്നുകള്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കുട്ടികളെയും തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം നടക്കുന്നതെന്ന് എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു മാസത്തിനിടെ ഒന്നരലക്ഷത്തോളം പരിശോധനകള്‍ നടത്തിയതില്‍ 2360 അബ്കാരി കേസുകളും 3600 മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ലിറ്റര്‍ സ്പീരിറ്റുള്‍പ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു കോടിരൂപ പിഴയീടാക്കിയതായും എക്‌സൈസ് കമ്മീഷ്ണര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News