മൂന്നാർ കയ്യേറ്റ പ്രശ്‌നത്തിൽ സർവകക്ഷി യോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി; കയ്യേറ്റങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല; കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണം

തിരുവനന്തപുരം: മൂന്നാർ കയ്യേറ്റ പ്രശ്‌നത്തിൽ സർവകക്ഷിയോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റവന്യൂ അധികാരികളും പൊലീസും ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഒഴിപ്പിക്കൽ നടപടിക്ക് ജില്ലാതല ഏകോപന സമിതി രൂപീകരിക്കാനും യോഗത്തിൽ ധാരണയായി.

കയ്യേറ്റവും കുടിയേറ്റവും രണ്ടായി കാണണമെന്ന് യോഗം ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഭൂരഹിതർക്ക് പട്ടയവിതരണം നടത്തുന്നതിന് ഊന്നൽ നൽകണമെന്നും അതിനുള്ള നടപടികൾ ഊർജിതമാക്കണമെന്നും യോഗം തീരുമാനിച്ചു. മെയ് 21ന് പട്ടയമേള സംഘടിപ്പിക്കും. അതിൽ പതിനായിരം കുടുംബങ്ങൾക്കെങ്കിലും പട്ടയം നൽകാൻ ഊർജിത നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ നിർദേശിച്ചു.

യോഗത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, വൈദ്യുതി മന്ത്രി എം എം മണി, ചീഫ് സെക്രട്ടറി നളിനി നെറ്റോ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ, ഇടുക്കി കലക്ടർ ജി ആർ ഗോകുൽ, സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.

സർക്കാർ ഭൂമി കയ്യേറിയവരുടെ പട്ടിക അടിയന്തരമായി തയാറാക്കാൻ യോഗം തീരുമാനിച്ചു. ഈ പട്ടിക റവന്യൂ സെക്രട്ടറിക്ക് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും വേണം. ഒഴിപ്പിക്കൽ നടപടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം. അതോടൊപ്പം മതമേധാവികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും മാധ്യമ പ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കണം.

കയ്യേറ്റങ്ങൾ ഒരുതരത്തിലും അനുവദിക്കില്ല. എന്നാൽ ഒഴിപ്പിക്കുന്നതിന് മുമ്പ് അവർക്ക് നോട്ടീസ് നൽകുകയും അവരുടെ ഭാഗം കേൾക്കുകയും വേണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഒഴിപ്പിക്കൽ നടപടിയുമായി മുമ്പോട്ട് പോകാം. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനാവണം മുൻഗണന നൽകേണ്ടത്. പത്തു സെൻറ് വരെ ഭൂമിയുള്ളവരും വേറെ ഭൂമിയില്ലാത്തവരുമായവരുടെ കാര്യത്തിൽ കയ്യേറ്റമാണെങ്കിൽ പോലും പ്രത്യേക പരിശോധന വേണം. എന്നാൽ പത്തുസെൻറിൽ കൂടുതൽ ഭൂമി കയ്യേറിയവരിൽ നിന്ന് അത് തിരിച്ചെടുത്ത് ഭൂമിയില്ലാത്തവർക്ക് വിതരണം ചെയ്യണം.

മൂന്നാറിലെ എല്ലാ വില്ലേജിലും സർവെ നടത്തി സ്വകാര്യസർക്കാർ ഭൂമി വേർതിരിക്കാൻ നടപടി ആരംഭിക്കണം. അതിനെത്തുടർന്ന് സർക്കാർ ഭൂമി ജണ്ടയിട്ട് സംരക്ഷിക്കണം. ഉദ്യോഗസ്ഥരായിരിക്കണം ഭൂമിയുടെ കസ്റ്റോഡിയമാർ. ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകൾ തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. 2010ലെ ഹൈക്കോടതി വിധിയെ തുടർന്ന് മൂന്നാറിൽ വീട് നിർമാണത്തിന് റവന്യൂ വകുപ്പിന്റെ എൻഒസി വേണം. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ എൻഒസി നൽകുന്നതിനുള്ള അധികാരം വികേന്ദ്രീകരിച്ച് നൽകാനും തീരുമാനിച്ചു.

കുടിയേറ്റവും കയ്യേറ്റവും വേറിട്ട് കാണണമെന്നതാണ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കി. 1977 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവൻ കുടിയേറ്റക്കാർക്കും നാല് ഏക്കർ വരെ ഉപാധിയില്ലാതെ പട്ടയം നൽകണമെന്നാണ് തീരുമാനം. ആദിവാസികളടക്കം ഒരു ലക്ഷം കുടുംബങ്ങൾക്ക് ഇടുക്കിയിൽ പട്ടയം കിട്ടാനുണ്ട്. അത് എത്രയും വേഗം പൂർത്തിയാക്കണം. പട്ടയം നൽകിയപ്പോൾ സർവെ നമ്പർ മാറിപ്പോയ കേസുകളുണ്ട്. ഉദ്യോഗസ്ഥർക്ക് പറ്റിയ ഈ തെറ്റ് തിരുത്താനാണ് നടപടി വേണ്ടത്. അല്ലാതെ സാങ്കേതികത്വത്തിൽ തൂങ്ങി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.

സർക്കാരിനെ അറിയിക്കാതെ മണ്ണ് നീക്കൽ യന്ത്രം കൊണ്ടുപോയി കുരിശ് പൊളിച്ചുനീക്കിയ നടപടി തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. സർക്കാരിന് വേണ്ടി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് ഉദ്യോഗസ്ഥർ. അവർ ആ ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ സർക്കാരിന്റെ ഭാഗമായി നിൽക്കാൻ കഴിയില്ല. അർദ്ധരാത്രിക്ക് ശേഷം 144 പ്രഖ്യാപിച്ചതും പൊലീസിനെ അറിയിക്കാതെ ഭൂസംരക്ഷണ സേനയുമായി കുരിശ് പൊളിക്കാൻ പോയതും തെറ്റാണ്. കയ്യേറ്റം ഒഴിപ്പിക്കണമെന്നത് തന്നെയാണ് സർക്കാർ നയം. എന്നാൽ അത് വിവേകത്തോടെ ചെയ്യണം. ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കണം. ജില്ലാ കലക്ടരും ജില്ലയിലെ പൊലീസ് മേധാവിയും മറ്റു അധികാരികളും തമ്മിൽ ഊഷ്മള ബന്ധമുണ്ടാകണം. അതിനാവശ്യമായ യോഗങ്ങൾ വിളിച്ചുചേർക്കണം. ഇത്തരം വിഷയങ്ങളിൽ ജില്ലയിൽനിന്നുളള മന്ത്രി എം എം മണിയുമായും കൂടിയാലോചന വേണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഗൗരവമായി കണ്ട് നടപ്പാക്കണമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. പത്തുസെന്റിൽ താഴെ ഭൂമിയുള്ളവരെ ഒഴിപ്പിക്കേണ്ടതില്ല. അവരെയല്ല ലക്ഷ്യം വെക്കേണ്ടത്. ഇക്കാര്യങ്ങൾ താൻ നേരത്തെത്തന്നെ വ്യക്തമാക്കിയതാണ്. ഇടുക്കിയിലെ അഞ്ച് താലൂക്കിലുള്ള ഭൂരഹിതരുടെ ലിസ്റ്റ് അടിയന്തരമായി തയാറാക്കി അവർക്ക് ലൈഫ് മിഷന് കീഴിൽ വീട് നൽകമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here