ആന്ധ്രയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 മരണം; 15 പേര്‍ക്ക് പരുക്ക്; നിയന്ത്രണം വിട്ട ലോറി എത്തിയത് നിരവധി വാഹനങ്ങളും കടകളും തകര്‍ത്ത്

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കര്‍ഷകര്‍ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. 15 ഓളം പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണം വിട്ട ലോറി വൈദ്യൂതി പോസ്റ്റ് ഇടിച്ചു തകര്‍ത്തിട്ടാണ് സമരവേദിയിലേക്ക് പാഞ്ഞു കയറിയത്. ചരക്ക് നിറച്ച ലോറി അമിതവേഗത്തിലാണ് വന്നത്. നിരവധി വാഹനങ്ങളും കടകളും തകര്‍ത്തശേഷമാണ് ലോറി കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്.

ആറുപേര്‍ ലോറിയുടെ ടയറിനടിയില്‍പ്പെട്ടും മറ്റ് 14 പേര്‍ പോസ്റ്റു തകര്‍ന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്ന് തിരുപ്പതി എസ്പി ജയലക്ഷ്മി അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപെട്ടു.

യെര്‍പെഡു എന്ന സ്ഥലത്ത് പൊലീസ് സ്റ്റേഷനു മുന്നിലാണ് അപകടമുണ്ടായത്. സിഐക്കും എസ്‌ഐക്കും ഒരു പ്രദേശീക മാധ്യമ പ്രവര്‍ത്തകനും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാലിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

മുനഗലപാലം ഗ്രാമവാസികളാണ് മരിച്ചവരില്‍ അധികവും. ഗ്രാമത്തില്‍നിന്ന് അനധികൃതമായി മണല്‍ കയറ്റി അയയ്ക്കുന്നതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തിയവരായിരുന്നു ഗ്രാമീണര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News