ഈസ്റ്റര്‍ ദിനത്തില്‍ പശുവിന്റെ പേരില്‍ ആക്രമണം; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; നടപടി കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയില്‍

കൊച്ചി: ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ച് ബീഫ് വില്‍പ്പന തടസപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലങ്ങാട് പൊലീസ് ആണ് ഇവരെ പിടികൂടിയത്. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഈസ്റ്റര്‍ ദിനത്തിന്റെ തലേന്ന് എറണാകുളം കരുമാലൂര്‍ പഞ്ചായത്തിലെ കാരുകുന്നിലാണ് ഗോവധത്തിന്റെ പേരില്‍ ആര്‍എസ്എസ് അതിക്രമമുണ്ടായത്. കാരുകുന്ന് കല്ലറയ്ക്കല്‍ ജോസിന്റെ വീട്ടിലെത്തിയ പത്തുപേരടങ്ങിയ സംഘമാണ് ഭീഷണി മുഴക്കി സംഘര്‍ഷം സൃഷ്ടിച്ചത്. തങ്ങള്‍ ഗോസംരക്ഷകരാണെന്നും പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ശേഷമായിരുന്നു ആക്രമണം.

സ്ഥലത്തുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്ത സംഘം ഇറച്ചിയില്‍ മണ്ണുവാരിയിടുകയും ചെയ്തു. ദേശീയ നേതൃത്വം നിശ്ചയിച്ച പ്രകാരമാണ് തങ്ങള്‍ എത്തിയതെന്നും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഉത്തരേന്ത്യയില്‍ പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ പതിവാണെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ഇന്ന് ഡിവൈഎഫ്‌ഐ ജനകീയ മുന്നേറ്റവും നടത്തും. ‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാന്‍ തീരുമാനിക്കും’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here