ജനറിക് ഔഷധ നിര്‍ദേശം ഒറ്റമൂലിയല്ല | ഡോ. ബി ഇക്ബാല്‍

ആരോഗ്യച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കുറഞ്ഞവിലയ്ക്കുള്ള ജനറിക് മരുന്ന് രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നു. മരുന്നുവില കുറയ്ക്കാനുള്ള ഒറ്റമൂലിയായി ജനറിക് ഔഷധനിര്‍ദേശത്തെ കാണാനാകില്ല. മരുന്നുവില കുറയ്ക്കാന്‍ മറ്റു പല നടപടിയും സ്വീകരിക്കേണ്ടിവരും. ജനറിക് ഔഷധത്തിന്റെ കാര്യത്തില്‍ സ്വാഗതാര്‍ഹമായ തീരുമാനമെടുത്ത പ്രധാനമന്ത്രി, ജനങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയ്ക്ക് അവശ്യമരുന്ന് ലഭ്യമാക്കുന്നതിനുള്ള മറ്റു നടപടികൂടി സ്വീകരിക്കുമോ എന്നാണിനി അറിയാനുള്ളത്.

മരുന്നുകമ്പനികള്‍ വിവിധ ബ്രാന്‍ഡ് നാമത്തിലാണ് (കമ്പനി നാമം) മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. എല്ലാ മരുന്നുകള്‍ക്കും രാസനാമവും ജനറിക് നാമവും ബ്രാന്‍ഡുനാമവും ഉണ്ടാകും; ഉദാഹരണത്തിന് വേദനസംഹാരിയായ ആസ്പിരിന്റെ വിവിധ നാമങ്ങള്‍ ഇപ്രകാരമാണ്.അസെറ്റൈല്‍ സാലിസിലിക് ആസിഡ് (രാസനാമം), ആസ്പിരിന്‍ (ജനറിക് നാമം), എക്കോസ്പിരിന്‍ (സിഡ് മാക് കമ്പനിയുടെ ബ്രാന്‍ഡ് നാമം.). രാസജനറിക് നാമങ്ങള്‍  ഏകോപിപ്പിച്ച് സാര്‍വദേശീയമായി ഉപയോഗിക്കാവുന്ന ഔഷധനാമ പദ്ധതിക്ക് ലോകാരോഗ്യസംഘടന രൂപംനല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര വാണിജ്യേതര നാമം International NonProprietary Names: INN  എന്ന പേരിലാണ് രാസഘടനകണക്കിലെടുത്ത് ഔഷധങ്ങള്‍ക്ക് ലോകാരോഗ്യസംഘടന നല്‍കിയിട്ടുള്ള സാര്‍വദേശീയ നാമകരണം. എങ്കിലും പൊതുവില്‍ ഔഷധങ്ങള്‍ അവയുടെ ബ്രാന്‍ഡുനാമത്തിലോ ജനറിക് നാമത്തിലോ ആണ് അറിയപ്പെടുക.

ഔഷധ പേറ്റന്റ് കിട്ടിക്കഴിഞ്ഞാല്‍ മരുന്നുകമ്പനികള്‍ തങ്ങളുടെ മരുന്ന് പ്രത്യേക ബ്രാന്‍ഡുനാമത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നു. ഒരേ ഉള്ളടക്കമുള്ള വിവിധ ബ്രാന്‍ഡ് മരുന്നുകള്‍ വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. അടിസ്ഥാന ഔഷധങ്ങളുടെ എണ്ണം എഴുന്നൂറിലേറെ വരില്ലെങ്കിലും മാര്‍ക്കറ്റില്‍ ലക്ഷക്കണക്കിന് മരുന്ന് വില്‍പ്പനയ്ക്കെത്താന്‍ കാരണമിതാണ്. പേറ്റന്റ് കാലാവധി കഴിയുമ്പോള്‍ മറ്റു കമ്പനികള്‍ അതേമരുന്ന് ജനറിക് ഔഷധമായി മാര്‍ക്കറ്റ് ചെയ്യാം. ഇന്ത്യയില്‍ 2005 വരെ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമപ്രകാരം പേറ്റന്റ് ചെയ്ത് ബ്രാന്‍ഡ് മരുന്നുകള്‍ മറ്റ് ഉല്‍പ്പാദനരീതിയിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് കഴിയുമായിരുന്നു. പേറ്റന്റ് മരുന്നുകളുടെ കുറഞ്ഞ വിലയ്ക്കുള്ള ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് ലോകമെമ്പാടും ഇന്ത്യന്‍ കമ്പനികള്‍ വിറ്റുവന്നിരുന്നു.

തങ്ങളുടെ ഔഷധത്തിന് മറ്റു കമ്പനികളൂടെ മരുന്നുകള്‍ക്കില്ലാത്ത മികവുണ്ടെന്ന് ഡോക്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചും വിലയേറിയ പാരിതോഷികങ്ങളും മറ്റും നല്‍കി അവരെ പ്രലോഭിപ്പിച്ചുമാണ് കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡ് മരുന്നുകള്‍ രോഗികളില്‍ എത്തിക്കുന്നത്. മരുന്നുകള്‍ ഒറ്റയ്ക്കും (Single Ingredient) ചേരുവയായിട്ടും (Fixed Drug Combinations) മാര്‍ക്കറ്റ് ചെയ്യുന്നു. ഒറ്റയ്ക്കുള്ള മരുന്നുകളാണ് ഔഷധ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരിക. അതുകൊണ്ട് കഴിയുന്നത്ര ഔഷധ ചേരുവകള്‍ മാര്‍ക്കറ്റ് ചെയ്ത് മരുന്നുകമ്പനികള്‍ ഔഷധ വിലനിയന്ത്രണത്തെ മറികടന്ന് അമിതവിലയ്ക്ക് മരുന്നുകള്‍ വില്‍ക്കുന്നു. ഒറ്റയ്ക്ക് പ്രത്യേകം പ്രത്യേകമായി വാങ്ങിയാല്‍ മുടക്കേണ്ടതിനേക്കാള്‍ വളരെ കൂടിയ വിലയ്ക്കാണ് ഔഷധച്ചേരുവകള്‍ മാര്‍ക്കറ്റ് ചെയ്യുക. ലോകാരോഗ്യസംഘടനയുടെ അവശ്യ മരുന്നുപട്ടികയില്‍ രണ്ടുഡസനടുത്തുമാത്രമാണ് ഔഷധച്ചേരുവകളുള്ളത്. എന്നാല്‍,ഇന്ത്യയില്‍ വൈദ്യശാസ്ത്രപരമായി ഒരു നീതീകരണവുമില്ലാതെ  പതിനായിരക്കണക്കിന് മരുന്നുകളാണ് ചേരുവകളായി മാര്‍ക്കറ്റ് ചെയ്ത് വരുന്നത്. ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളവയുമാണ്. ഇവയില്‍ ഏതാനും മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചെങ്കിലും കോടതിയില്‍നിന്ന് സാങ്കേതികകാരണങ്ങള്‍ ഉന്നയിച്ച് സ്റ്റേ സമ്പാദിച്ച മരുന്നുകമ്പനികള്‍ അവ ഇപ്പോഴും മാര്‍ക്കറ്റ് ചെയ്തുവരികയാണ്.

മരുന്നുകള്‍ ജനറിക് നാമത്തില്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതുകൊണ്ട് നിരവധി പ്രയോജനമുണ്ട്. മരുന്നുകമ്പനികളുടെ പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെട്ട് വില കൂടിയ ബ്രാന്‍ഡുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് ഒഴിവാക്കാനാകുമെന്നതാണ് പ്രധാനം. ജനറിക് നാമം ഉപയോഗിക്കുന്നതോടെ അശാസ്ത്രീയവും വിലകൂടിയതുമായ ഔഷധച്ചേരുവകള്‍ സ്വാഭാവികമായും ഒഴിവാക്കപ്പെടും. വ്യത്യസ്തങ്ങളായ ഔഷധ ഉള്ളടക്കമുള്ള മരുന്നുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ള സമാനസ്വഭാവമുള്ള ബ്രാന്‍ഡുനാമങ്ങളില്‍ വിറ്റുവരുന്നുണ്ട്. ഉദാഹരണത്തിന് കാര്‍ട്ടിയ (Cartia) എന്ന ഒരേപേരുകളുള്ള രണ്ടു മരുന്നുകളില്‍ ഒന്നില്‍ വേദനസംഹാരിയായ ആസ്പിരിനും മറ്റൊന്നില്‍ രക്താതിമര്‍ദത്തിനുള്ള ഡിലിറ്റിയാസമും (Diltiazem) അടങ്ങിയിരിക്കുന്നു. മരുന്ന് വാങ്ങുമ്പോള്‍ തെറ്റായ മരുന്ന് നല്‍കാന്‍ തന്മൂലം കാരണമാകുന്നു. ഇതൊഴിവാക്കാനും ജനറിക് ഔഷധം നിര്‍ദേശം വഴി സാധിക്കും.

ജനറിക് മരുന്നുവിപണനം നേരിടുന്ന പ്രധാന വെല്ലുവിളി ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍  മാര്‍ക്കറ്റില്‍ എത്തുന്നുണ്ടെന്നതാണ്. തമിഴ്നാടും മറ്റും കേന്ദ്രീകരിച്ച് ഗുണനിലവാരം കുറഞ്ഞ ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വന്‍സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചാത്തന്‍ മരുന്നുകള്‍, പ്രൊപ്പഗണ്ടാ മരുന്നുകള്‍ എന്നീ പേരുകളില്‍ വിശേഷിപ്പിക്കുന്ന ഇത്തരം വ്യാജമരുന്നുകള്‍ ജനറിക് ഔഷധങ്ങളുടെ നിലവാരത്തെക്കുറിച്ച് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. മരുന്നുകളുടെ ഗുണനിലവാരം കുറ്റമറ്റതാക്കാനുള്ള നടപടികൂടി ജനറിക് മരുന്നുനിര്‍ദേശം നടപ്പാക്കുമ്പോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന പത്ത് ശതമാനം മരുന്നുകളെങ്കിലും വ്യാജമരുന്നുകളാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിലുള്ള ഡ്രഗ് കണ്‍ട്രോളര്‍മാരുടെ ഓഫീസും ആവശ്യത്തിന് ഡ്രഗ് ഇന്‍സ്പക്ടര്‍മാരെ നല്‍കിയും ആധുനിക  ലബോറട്ടറികള്‍ സ്ഥാപിച്ചും സുസജ്ജമാക്കേണ്ടതുണ്ട്.

പുതിയ പേറ്റന്റ് നിയമം 2005ല്‍ നടപ്പാക്കിയതിനുശേഷം മാര്‍ക്കറ്റ് ചെയ്യുന്ന പേറ്റന്റ് മരുന്നുകള്‍ വന്‍ വിലയ്ക്കാണ് വിറ്റുവരുന്നത്. മിക്കതും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നാണുതാനും. പേറ്റന്റ് മരുന്നുകളുടെ വില കുറയ്ക്കാന്‍ അവയെയും ഔഷധ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണ് ഒരു മാര്‍ഗം. ഇതിനവര്‍ തയ്യാറായില്ലെങ്കില്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥവഴി വില കുറച്ച് മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനിക്ക് അതിനുള്ള അനുവാദം നല്‍കേണ്ടതാണ്. ജര്‍മന്‍ കമ്പനിയായ ബേയര്‍ നെക്സാവര്‍ എന്ന ബ്രാന്‍ഡുനാമത്തില്‍ വിറ്റുവന്നിരുന്ന ക്യാന്‍സറിനുള്ള സൊറാഫെനിബ് റ്റോസിലേറ്റ് എന്ന മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സിങ് പ്രകാരം ഉല്‍പ്പാദിപ്പിക്കാന്‍ അനുവദിച്ചതോടെ ഒരുമാസത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തിലേറെ വിലകൊടുക്കേണ്ടിവന്ന മരുന്ന്, ഇപ്പോള്‍ 4200 രൂപയ്ക്ക് ഇന്ത്യന്‍ കമ്പനി വിറ്റുവരുന്ന അനുഭവം നമുക്കുണ്ട്. എന്നാല്‍, പിന്നീട് നിര്‍ബന്ധിത ലൈസന്‍സിങ്ങിനായി നല്‍കിയ അപേക്ഷകളെല്ലാം പേറ്റന്റ് കണ്‍ട്രോളര്‍ തള്ളി. മാത്രമല്ല, പേറ്റന്റ് മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിനായി പേറ്റന്റ് നിയമത്തിലുള്ളതും ലോക വ്യാപാരസംഘടന അംഗീകരിച്ചതുമായ നിര്‍ബന്ധിത ലൈസന്‍സിങ് പ്രയോഗിക്കുന്നതിനെപ്പറ്റി  കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ പ്രഖ്യാപിച്ച ആരോഗ്യനയരേഖ മൌനം അവലംബിക്കുന്നു.

ജനറിക് ഔഷധങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സ്വകാര്യകമ്പനികള്‍ക്ക് സ്വാഭാവികമായും താല്‍പ്പര്യമുണ്ടാകില്ല. അതുകൊണ്ട് പൊതുമേഖല ഔഷധക്കമ്പനികള്‍വഴി ജനറിക് ഔഷധങ്ങള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യനയരേഖയില്‍ ഇന്ത്യന്‍ ഔഷധമേഖലയുടെ വളര്‍ച്ചയ്ക്കുള്ള നടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പൊതുമേഖല ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പൊതുമേഖല കമ്പനികളായ ഇന്ത്യന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡും ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡും ബിജെപി ഭരണത്തിലുള്ള സംസ്ഥാനത്തിലെ ലാഭത്തില്‍ നടക്കുന്ന രാജസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മൊത്തം ആരോഗ്യച്ചെലവിന്റെ 35.7 ശതമാനവും പൊതുജനങ്ങളൂടെ ആരോഗ്യച്ചെലവിന്റെ 71 ശതമാനവും ഔഷധങ്ങള്‍ക്കുവേണ്ടിയാണ് ചെലവിടുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് അക്കൌണ്ട്സ് കമ്മിറ്റിയും നാഷണല്‍ സാമ്പിള്‍ സര്‍വേയും വെളിപ്പെടുത്തിയിട്ടുള്ളത് ആരോഗ്യനയം രൂപീകരിക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ കണക്കിലെടുത്തതായി കാണുന്നില്ല.

കേരളത്തില്‍ അധികാരത്തിലിരുന്ന 2006-11ലെയും ഇപ്പോഴത്തെയും ഇടതുമുന്നണി സര്‍ക്കാരുകള്‍ ജനറിക് ഔഷധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കാരുണ്യ ഫാര്‍മസിയിലൂടെ ഗുണമേന്മയുള്ള ജനറിക് ഔഷധങ്ങള്‍ വിലകുറച്ച് നല്‍കുന്നുണ്ട്. 100 ജനറിക് മരുന്നുകള്‍ കേരള ജനറിക് എന്നു നാമകരണം ചെയ്ത് മാര്‍ക്കറ്റ് ചെയ്യാനും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ പദ്ധതി തയ്യാറാക്കിവരുന്നു. ഗുണനിലവാരം കുറഞ്ഞതെന്നതിന്റെ പേരില്‍ ജനറിക് മരുന്നുകള്‍ നിര്‍ദേശിക്കുന്നതിലുള്ള ഡോക്ടര്‍മാരുടെ ആശങ്ക ഒഴിവാക്കാന്‍ ഇതുവഴി കഴിയും. കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഉല്‍പ്പാദനം ഇപ്പോഴത്തെ 30 കോടിയില്‍നിന്ന് നൂറുകോടിയായി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ട്. കൂടുതല്‍ പൊതുമേഖല ഔഷധക്കമ്പനികള്‍ ആരംഭിക്കുന്നതും മരുന്നുകളും ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാനുള്ള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ജനറിക് ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയും പൊതുമേഖല ഔഷധക്കമ്പനികള്‍വഴി ജനറിക് ഔഷധങ്ങള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ചും മാത്രമേ ജനറിക് ഔഷധവിപണനം ശക്തിപ്പെടുത്തി ഔഷധവില കുറയ്ക്കാന്‍ കഴിയൂ. പൊതുമേഖല ഔഷധക്കമ്പനികള്‍ ശക്തിപ്പെടുത്തുക, ആവശ്യാനുസരണം നിര്‍ബന്ധിത ലൈസന്‍സിങ് ഏര്‍പ്പെടുത്തുക തുടങ്ങിയ നയപരമായ കാര്യങ്ങളില്‍ വിദേശകുത്തകകള്‍ക്ക് അനുകൂലമായ നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ജനറിക് ഔഷധനിര്‍ദേശം എന്ന ഒറ്റമൂലി പ്രയോഗിച്ച് ഔഷധവില കുറയ്ക്കാനാകില്ല. സണ്‍ ഫാര്‍മ എന്ന ഇന്ത്യന്‍ ഔഷധക്കുത്തകയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍, ഔഷധമേഖല നേരിടുന്ന വിലക്കയറ്റമടക്കമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here