മോദിക്ക് ലോകം ചുറ്റാന്‍ മാത്രം സമയം, ഇതൊന്നും കാണുന്നില്ലേ? ദുരിതാശ്വാസത്തിനായി മൂത്രം കുടിച്ച് കര്‍ഷകര്‍; അവഗണന തുടര്‍ന്നാല്‍ മലം കഴിച്ചും സമരം

ദില്ലി: വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ദില്ലിയില്‍ 38 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകര്‍ അധികൃത അവഗണനയ്‌ക്കെതിരെ മൂത്രം കുടിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ അടുത്ത ദിവസം മലം കഴിച്ചും സമരം നടത്തുമെന്നും കര്‍ഷകര്‍ അറിയിച്ചു. കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലും കിട്ടാത്ത തരത്തിലുള്ള വരള്‍ച്ചയാണ് തമിഴ്‌നാട്ടിലേതെന്ന് കര്‍ഷകര്‍ പറയുന്നു.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കൃഷി നശിച്ച കര്‍ഷകര്‍ കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 15നാണ് ജന്തര്‍ മന്ദറില്‍ സമരമാരംഭിച്ചത്. ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിക്കാനും കര്‍ഷകര്‍ തയ്യാറായി.

നാട്ടില്‍ മരിച്ച കര്‍ഷകരുടെ തലയോട്ടിയും അസ്ഥികൂടങ്ങളും പ്രദര്‍ശിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റി. എന്നിട്ടും അധികൃതര്‍ കനിയാത്തതിനെ തുടര്‍ന്ന് ചത്ത എലിയെ കടിച്ചുപിടിച്ച് പ്രതിഷേധിച്ചു. രാഷ്ട്രപതി ഭവനുമുന്നില്‍ നഗ്‌നരായി ശയന പ്രദിക്ഷണം നടത്തിയിട്ടും കനിയാത്ത പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മോദി വേഷധാരി കര്‍ഷകരെ ചാട്ടയ്ക്കടിക്കുന്ന നാടകരൂപവും ഇവര്‍ അവതരിപ്പിച്ചു.

കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും തീരെ പരിഗണിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി നേതാവ് അയ്യാകണ്ണ് പറഞ്ഞു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ചയ്ക്കുശേഷം രണ്ടുദിവസം കാത്തിരിക്കാനായിരുന്നു സമരക്കാരുടെ തീരുമാനം. എന്നാല്‍, കാര്യമായ പ്രതികരണം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാകാത്തതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍
തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News