പൊലീസ് സർക്കാരിന്റെ നയമനുസരിച്ചു പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി; കേസന്വേഷണത്തിൽ ജാഗ്രത പുലർത്തണം; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സർക്കാരിന്റെ നയമനുസരിച്ചു വേണം പ്രവർത്തിക്കാനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പൊലീസുകാർക്ക് നിർദേശം നൽകിയത്. പൊലീസ് സർക്കാരിന്റെ നയമനുസരിച്ചു പ്രവർത്തിക്കണം. കേസന്വേഷണത്തിൽ ജാഗ്രത പുലർത്തണം. പക്ഷപാതം പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിന്റെ പ്രവർത്തനങ്ങൾ വ്യാപകമായി വിമർശിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം.

ഒരുതരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കേസന്വേഷണത്തിലും ക്രമസമാധാനപാലനത്തിലും ഒരു വീഴ്ചയും പാടില്ല. ലോക്കപ്പ് മർദ്ദനം പോലുള്ള പ്രാകൃതമുറകൾ ഒരുനിലയ്ക്കും അനുവദിക്കില്ല. പൊലീസിൽ ക്രിമിനൽവത്കരണം അനുവദിക്കില്ല. പൊലീസിന്റെ പ്രവർത്തനം കൂടുതൽ ജനോപകാരപ്രദവും സ്ത്രീ സൗഹൃദവുമാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ജാതിമതശക്തികളുടെ സമ്മർദ്ദങ്ങൾക്കും പൊലീസ് വഴങ്ങരുത്. അഴിമതിയും മൂന്നാംമുറയും പൊലീസിൽ വച്ചുപൊറുപ്പിക്കില്ല. പൊലീസിന്റെ ന്യായമായ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകും. പൊതുപ്രവർത്തകർക്കെതിരെ കാപ്പ ചുമത്തരുത്. യുഎപിഎ നിയമം ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി നൽകിയ നിർദേശത്തിലുണ്ട്.

തിരുവനന്തപുരം റേഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചുചേർത്തത്. ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഇതേ മാതൃകയിൽ കണ്ണൂർ, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലും റേഞ്ച് അടിസ്ഥാനത്തിൽ യോഗം വിളിച്ചു ചേർക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News