ഭോപ്പാല്‍: ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത പൊലീസുകാരനെ രാഷ്ട്രീയ പാർട്ടി നേതാവിന്റെ ബന്ധു തല്ലി. ഹെൽമറ്റ് വയ്ക്കാതെ സ്‌കൂട്ടർ യാത്ര ചെയ്ത നേതാവിന്റെ വീട്ടിലെ കുട്ടികൾക്ക് ഫൈനടിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചത്. പക്ഷേ, പൊലീസിനെ തല്ലി പുലിവാല് പിടിച്ചിരിക്കുകയാണ് നേതാവിന്റെ ബന്ധുക്കൾ ഇപ്പോൾ. തെരുവു തെമ്മാടിത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൡ വൈറലായിക്കഴിഞ്ഞു.
മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. ഗുണയിലെ ബിജെപി ബ്ലോക്ക് പ്രസിഡന്റ് ശോഭന രഘുവംശിയുടെ ഭർത്താവും അനുയായികളുമാണ് കഥയിലെ വില്ലന്മാർ. ശോഭനയുടെ ബന്ധുക്കളായ 3 പെൺകുട്ടികൾക്കാണ് പൊലീസ് ഫൈനടിച്ചത്. കുട്ടികളിലൊരാൾ ഉടൻ തന്നെ ഫോണെടുത്ത് ശോഭനയുടെ ഭർത്താവിനെ വിളിച്ചു. ഏതാനും കിങ്കരന്മാരെയും കൂട്ടി സ്ഥലത്തെത്തിയ ഇയാൾ പൊലീസിനെ കൈകാര്യം ചെയ്യുകയായിരുന്നു.
ഗുണയിലെ പൊലീസിന് ഒരു ഗുണപാഠമിരിക്കട്ടെ എന്നു കരുതി കാണിച്ച തിണ്ണമിടുക്ക് പക്ഷേ, തിരിച്ചടിച്ചു. കാണികളിലൊരാൾ അക്രമം മൊബൈലിൽ പകർത്തി വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.