ആർഎസ്എസിന്റെ ബീഫ് ഭീകരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ജനകീയ മുന്നേറ്റം; ഭക്ഷണത്തിന്റെ പേരിൽ ആക്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നു എം.സ്വരാജ്

കൊച്ചി: ആർഎസ്എസ് പ്രവർത്തകർ നടത്തുന്ന ബീഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐ. ആലുവയിൽ സംഘടിപ്പിച്ച ‘ജനകീയ മുന്നേറ്റം’ എം.സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ‘എന്റെ അടുക്കളയിലെ ഭക്ഷണം ഞാൻ തീരുമാനിക്കും’ എന്ന മുദ്രാവാക്യമുയർത്തിയാണ്, ബീഫിന്റെ പേരിൽ ആർഎസ്എസ് നടത്തുന്ന ഭീകരതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിന്റെ പേരിൽ ആർഎസ്എസ് പ്രവർത്തകർ കേരളത്തിലെ ജനങ്ങളെ ആക്രമിക്കാൻ വന്നാൽ ശക്തമായി ചെറുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എംഎൽഎ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമായിരുന്ന ആർഎസ്എസ് ഭീകരത കേരളത്തിലും വളരുന്നതിൽ ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറി അഡ്വ. കെ.എസ് അരുൺകുമാർ നടുക്കം അറിയിച്ചു.

ഈസ്റ്ററിന്റെ തലേ ദിവസം ആലങ്ങാട് സ്വദേശിയായ കല്ലറക്കൽ വീട്ടിൽ ജോസ് കന്നുകാലിയെ അറുത്തതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകർ ഇറച്ചിയിൽ മണ്ണു വാരിയിടുകയും ജോസിനെയും കുടുംബത്തെയും അക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്. ഗോരക്ഷയുടെ പേരിൽ നടന്ന അക്രമ സംഭവത്തിൽ എട്ട് ആർഎസ്എസ് പ്രവർത്തകരെ ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതികളായ ആറുപേർ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here