ലാൻഡ് ചെയ്യാനൊരുങ്ങവെ വിമാനത്തിൽ ദേശീയഗാനം; സീറ്റ് ബെൽറ്റിട്ടതിനാൽ എഴുന്നേൽക്കാനാകാതെ യാത്രക്കാർ

ഇൻഡോർ: ലാൻഡ് ചെയ്യാനൊരുങ്ങവേ വിമാനത്തിൽ ദേശീയഗാനം പ്ലേ ചെയ്തു. സ്‌പൈസ് ജെറ്റിന്റെ വിമാനത്തിലാണ് ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള നിമിഷം ദേശീയഗാനം പ്ലേ ചെയ്തത്. ഇക്കഴിഞ്ഞ 18നായിരുന്നു സംഭവം. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ എഴുന്നേൽക്കാനായില്ലെന്നും ദേശീയഗാനത്തെ ബഹുമാനിക്കാൻ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഒരു യാത്രക്കാരൻ പരാതി നൽകി. എന്നാൽ, ഇതു കാബിൻ ക്രൂവിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണെന്നു സ്‌പൈസ് ജെറ്റ് വിശദീകരിച്ചു. കാബിൻ ക്രൂ അടക്കമുള്ളവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 18നു തിരുപ്പതിയിൽ നിന്നു ഹൈദരാബാദിലേക്കുള്ള വിമാനത്തിലാണ് ദേശീയഗാനം വച്ചത്. ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള ഏതാനും നിമിഷങ്ങൾക്കു മുമ്പായിരുന്നു സംഭവം. എന്നാൽ, ഈ സമയം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ എഴുന്നേൽക്കാവുന്ന അവസ്ഥയിലായിരുന്നില്ല ആരും. ഇതിനെതിരെയാണ് പുനീത് തിവാരി എന്ന യാത്രക്കാരൻ വിമാനകമ്പനിക്കെതിരെ പരാതി നൽകിയത്. പെട്ടെന്ന് ദേശീയഗാനം ആലപിച്ചപ്പോൾ തങ്ങൾ ശരിക്കും അമ്പരന്നു പോയെന്ന് പുനീത് പരാതിയിൽ പറയുന്നു.
ദേശീയഗാനം വച്ച അതേ സമയം തന്നെ എല്ലാവരും സീറ്റ് ബെൽറ്റ് മുറുക്കി ധരിക്കണമെന്നു നിർദേശമുണ്ടായെന്നും പുനീത് പറയുന്നു. ദേശീയഗാനം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ കാബിൻ ക്രൂവിൽ പെട്ട ഒരാൾ അത് ഓഫ് ആക്കുകയും അൽപം കഴിഞ്ഞ് വീണ്ടും ഓൺ ആക്കുകയും ചെയ്തു. കാബിൻ ക്രൂ മ്യൂസിക് സിസ്റ്റത്തിൽ തെറ്റായ നമ്പർ സെലക്ട് ചെയ്തതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here