മഹിജയുടെ സമരത്തെ വഴിതിരിച്ചു വിട്ട രാഷ്ട്രീയ ഗൂഢാലോചന നടന്നത് തിരുവനന്തപുരം ജില്ലാ ജയിലിൽ; യുഡിഎഫ്-ബിജെപി നേതാക്കൾ ജയിലിൽ പ്രതികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മഹിജയുടെ സമരത്തെ വഴിതിരിച്ചു വിട്ട തിരുവനന്തപുരം ജില്ലാ ജയിലിലെ രാഷ്ട്രീയ ഗൂഢാലോചന വെളിപ്പെടുത്തി വിവാദ തോക്ക് സ്വാമി ഹിമവൽ ഭദ്രാനന്ദ. യുഡിഎഫ്-ബിജെപി നേതാക്കൾ ജയിലിൽ പ്രതികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നു ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. അവർ പ്രതികളുമായി നടത്തിയത് വെറും സന്ദർശനമായിരുന്നില്ല. കണ്ടത് ഇന്റർവ്യൂ റൂമിൽ വച്ചും ആയിരുന്നില്ല. ഈ നേതാക്കൾ പിന്നീട് പുറത്തു പറഞ്ഞ കാര്യങ്ങൾ സെല്ലിനകത്ത് വച്ച് പ്രതികൾ മുൻകൂട്ടി പ്രവചിക്കുകയും ചെയ്തിരുന്നതായി ഹിമവൽ ഭദ്രാനന്ദ പറയുന്നു.

മഹിജയുടെ സമരം സർക്കാരിനെതിരെ ഉപയോഗിക്കുന്നതിൽ യുഡിഎഫിന്റെയും ബിജെപിയുടെയും പങ്കുണ്ടായിരുന്നു. സമരത്തിനിടെ അറസ്റ്റിലായ ഷാജിർ ഖാൻ, ഷാജഹാൻ, അവരെ ജയിലിൽ സന്ദർശിച്ച രമേശ് ചെന്നിത്തല, കെ.മുരളീധരൻ, വി.മുരളീധരൻ എന്നിവരാണ് ഒത്തുകളിക്ക് ചുക്കാൻ പിടിച്ചതെന്നും തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.

അറസ്റ്റിലായി സെല്ലിൽ കഴിയുന്നവരെ ഈ നേതാക്കൾ കാണാനെത്തിയിരുന്നു. നോർമൽ ഇന്റർവ്യൂ റൂമിലായിരുന്നില്ല കൂടിക്കാഴ്ച നടന്നത്. സൂപ്രണ്ടിന്റെ റൂമിലും മറ്റുമായിരുന്നു. മറ്റുള്ളവരിൽ നിന്ന് അകന്നു നിന്നായിരുന്നു ഈ സംസാരങ്ങൾ നടത്തിയതും. ഈ നേതാക്കൾ പിന്നീട് മാധ്യമങ്ങളിൽ പറഞ്ഞത് ഷാജിർ ഖാനും ഷാജഹാനും സെല്ലിൽ പ്രവചിച്ചതു പോലെയാണെന്നും സെല്ലിൽ അവർക്കൊപ്പമുണ്ടായിരുന്ന ഹിമവൽ ഭദ്രാനന്ദ വെളിപ്പെടുത്തുന്നു.

പിണറായി വിജയന്റെ ചോര സ്‌ട്രോ ഇട്ടു കുടിക്കാൻ ശ്രമിക്കുന്ന ചിലർ സംഭവത്തെ മാക്‌സിമം മുതലെടുക്കാൻ ശ്രമിച്ചതായും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. ഒരു സമരത്തിന്റെ രീതിയിലേക്കു പോയ ജിഷ്ണുവിന്റെ വീട്ടുകാർക്കും പൊലീസിനെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറിയ പ്രവർത്തകർക്കും ട്രേഡ് യൂണിയൻ സമരത്തെപ്പോലെ അവരെ നേരിട്ട പൊലീസിനും പാർട്ടിക്കാരെ പോലെ പൊലീസിനെ വിശ്വസിച്ച മുഖ്യമന്ത്രിക്കും ഈ സംഭവത്തിൽ തെറ്റുപറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിപി ഓഫീസിനു മുന്നിലെ സംഭവങ്ങളിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഹിമവൽ ഭദ്രാനന്ദ ആവർത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here