മോഹൻലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച കെആർകെ മാപ്പു പറഞ്ഞു; ലാൽ മലയാളത്തിലെ സൂപ്പർ താരമെന്നു കെആർകെ; മോഹൻലാലിന്റെ താരമൂല്യം അറിയില്ലായിരുന്നെന്നും കെആർകെ

മുംബൈ: മോഹൻലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ചു പരിഹസിച്ച ബോളിവുഡ് താരം കമാൽ ആർ ഖാൻ മാപ്പു പറഞ്ഞു. പൊങ്കാലയുമായി മലയാളികൾ രംഗത്തെത്തിയതോടെയാണ് പരിഹാസം പിൻവലിച്ച് മാപ്പു പറയുന്നതായി കമാൽ ആർ ഖാൻ പറഞ്ഞു. ട്വിറ്ററിലാണ് കെആർകെയുടെ ഖേദപ്രകടനം. മോഹൻലാലിന്റെ താരമൂല്യം അറിയില്ലായിരുന്നെന്നും അദ്ദേഹം വലിയ നടനാണെന്നും കെആർകെ ട്വിറ്ററിൽ കുറിച്ചു.

കെആർകെയുടെ ഖേദപ്രകടനം ഇങ്ങനെ; ‘മോഹൻലാൽ സർ, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്. കാരണം എനിക്കു നിങ്ങളെ അത്ര കണ്ട് അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമാണെന്നും മനസ്സിലാക്കുന്നു.’

കഴിഞ്ഞയാഴ്ചയാണ് മോഹൻലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് പരിഹസിച്ച് കെആർകെ രംഗത്തെത്തിയത്. മോഹൻലാൽ ഛോട്ടാ ഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും മഹാഭാരതത്തിലെ ഭീമനായി വെറുതെ നിർമാതാവിന്റെ കാശ് കളയേണ്ടെന്നുമായിരുന്നു പരിഹാസം. എന്നാൽ, ഇതിനു പിന്നാലെ തന്നെ പൊങ്കാലയുമായി മലയാളികൾ ട്വിറ്ററിലും ഫേസ്ബുക്കിലും നിറഞ്ഞാടി. വിമർശനങ്ങൾ നാടെങ്ങും ഉയർന്നു.

എന്നിട്ടും മതിയാകാതെ കെആർകെ മലയാളികളെ ആകമാനം പരിഹസിച്ചും രംഗത്തെത്തി. മലയാളികൾ ഊളകളാണെന്നും മോഹൻലാൽ ഫാൻസിനു വിവരമില്ലെന്നും പറഞ്ഞ് കെആർകെ രംഗത്തെത്തി. കെആർകെയുടെ പരിഹാസത്തിനെതിരെ തമിഴ് നടൻ സൂര്യയും രംഗത്തെത്തിയിരുന്നു.

കെആർകെയുടെ പരിഹാസം ഇങ്ങനെയായിരുന്നു. ‘മോഹൻലാൽ സർ, കാഴ്ചയിൽ ഛോട്ടാഭീമിനെ പോലെയാണ് നിങ്ങൾ. ആ നിലയ്ക്ക് നിങ്ങളെങ്ങനെ മഹാഭാരത്തിലെ ഭീമന്റെ കഥപാത്രം അവതരിപ്പിക്കും. ബിർ ഷെട്ടി എന്തിനാണ് പണം പാഴാക്കുന്നത്.’

എംടി വാസുദേവൻ നായരുടെ രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരതം. പരസ്യ സംവിധായകനായ വിആർ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രം വ്യവസായി ഡോ. ബിആർ ഷെട്ടിയാണ് നിർമിക്കുന്നത്. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം സെപ്തംബറിൽ ആരംഭിക്കും. 2020ൽ റിലീസ് ചെയ്യും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ രണ്ടാംഭാഗവുമെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here