ഇടുക്കി: പൊമ്പിളൈ ഒരുമൈയെ താൻ അപമാനിച്ചിട്ടില്ലെന്നു മന്ത്രി എം.എം മണി മാധ്യമങ്ങളോട്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണ്. പൊമ്പിളൈ ഒരുമൈയെ അപമാനിക്കുന്ന തരത്തിൽ ഒരു കാര്യവും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. അതേസമയം, സുരേഷ് കുമാറിനും മാധ്യമങ്ങൾക്കുമെതിരെ പറഞ്ഞ കാര്യത്തിൽ താൻ ഉറച്ചു നിൽക്കുന്നതായും മണി പറഞ്ഞു. ഇന്നു എൻഡിഎ ഇടുക്കി ജില്ലയിൽ നടത്തുന്ന ഹർത്താൽ അനാവശ്യമാണെന്നും മണി കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ എന്നും തന്നെ വേട്ടയാടുകയാണ്. താൻ ഭൂമി കയ്യേറിയെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ, അർഹതയില്ലാത്തതൊന്നും താൻ ആഗ്രഹിച്ചിട്ടില്ല. താൻ ഒരിടത്തും ഭൂമി കയ്യേറിയിട്ടില്ല. ആകെയുള്ള സമ്പാദ്യം കുഞ്ചിത്തണ്ണിയിലെ വീടു മാത്രമാണ്.
കുരിശ് പൊളിച്ചപ്പോൾ മുഖ്യമന്ത്രി സ്വീകച്ച നിലപാട് ശരിയായിരുന്നെന്നും എം.എം മണി പറഞ്ഞു. പട്ടയമില്ലാത്ത ഭൂമിയിൽ തന്നെയാണ് എല്ലാ അമ്പലങ്ങളും പള്ളികളും നിൽക്കുന്നതെന്നു താൻ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെയാണ്. തന്നെ പിന്തിരിപ്പിക്കാൻ നോക്കേണ്ട. പറയാനുള്ളത് പറഞ്ഞിരിക്കുമെന്നും മന്ത്രി മണി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here