ടി.പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തു തിരിച്ചെടുക്കണമെന്നു സുപ്രീംകോടതി; സെൻകുമാറിനെ തിരിച്ചെടുക്കണം; ജിഷ, പുറ്റിങ്ങൽ കേസുകളുടെ പേരിൽ മാറ്റിയത് ശരിയായില്ലെന്നും കോടതി

തിരുവനന്തപുരം: ടി.പി സെൻകുമാറിനെ ഡിജിപി സ്ഥാനത്തു തിരിച്ചെടുക്കണമെന്നു സുപ്രീംകോടതി. സെൻകുമാറിനെ ക്രമസമാധാന സർവീസിൽ തിരിച്ചെടുത്ത് പൊലീസ് മേധാവി സ്ഥാനത്തു പുനർനിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജിഷ, പുറ്റിങ്ങൽ കേസുകളുടെ പേരിൽ മാറ്റിയത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റാൻ അധികാരമുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തെ തള്ളിക്കളഞ്ഞാണ് കോടതി വിധി. ചട്ടവിരുദ്ധമായാണ് തന്റെ മാറ്റിയതെന്നായിരുന്നു സെൻകുമർ കോടതിയിൽ വാദിച്ചത്.

ഡിജിപി സ്ഥാനത്തു നിന്ന് തന്നെ മാറ്റാൻ ആധാരമാക്കിയ ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് സർക്കാർ അവസാന നിമിഷം വരെ മറച്ചുവച്ചെന്ന് സെൻകുമാർ വാദിച്ചിരുന്നു. ജിഷ വധക്കേസിലെ അന്വേഷണം നടക്കുന്നത് കൊണ്ടാണ് നേരത്തെ നൽകിയ സത്യവാങ്മൂലങ്ങളിൽ കുറിപ്പിനെക്കുറിച്ച് പറയാതിരുന്നതെന്ന് സർക്കാർ മറുപടി നൽകി.

പുറ്റിങ്ങൽ വെടിക്കെട്ടപകടം, ജിഷ വധകേസ് അന്വേഷണ വീഴചകൾക്കൊപ്പം, ഉയർന്നു വന്ന പൊതുജനാഭിപ്രായം കൂടിയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്ത നിന്ന മാറ്റാൻ കാരണമെന്നു സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഇതിനായി 2016 മെയ് 26ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി നൽകിയ കുറിപ്പിനെയും ആധാരമാക്കിയായിരുന്നു ഹരീഷ് സാൽവേയുടെ പ്രധാന വാദം.

രണ്ടു കേസുകളും ഡിജിപി കൈകാര്യം ചെയ്ത രീതിയിൽ വീഴ്ചയുണ്ടായി. ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി പൊലീസിനെ ബാഹ്യസമ്മർദ്ദങ്ങളിൽ നിന്ന് രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സ്ഥാനമാറ്റം പോലുള്ള സർവീസ് നടപടികൾക്ക് വിധി ബാധകമല്ലെന്നും സാൽവേ പറഞ്ഞു. സ്ഥാനമാറ്റം റദ്ദാക്കി ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപി സ്ഥാനം തിരികെ നൽകണമെന്നും സെൻകുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here