മന്ത്രി എം.എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര; മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാത്രം എതിരായ പരാമർശം സ്ത്രീവിരുദ്ധതയാക്കി വളച്ചൊടിച്ചു; മണിയുടെ പ്രസംഗത്തിന്റെ പൂർണരൂപത്തിന്റെ വിശകലനം ആ സത്യം പുറത്തു കൊണ്ടുവരുന്നു

തിരുവനന്തപുരം: മന്ത്രി എം എം മണി വാർത്ത വളച്ചൊടിക്കലിന്റെ ഇര. ചാനൽ പ്രവർത്തകർക്കും ഉദ്യാഗസ്ഥർക്കുമെതിരെ മാത്രമായിരുന്ന മന്ത്രിയുടെ പരാമർശം സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശമായി വളച്ചൊടിക്കുകയായിരുന്നു. പൊമ്പിളൈ ഒരുമൈ പ്രവർത്തകർക്കെതിരെ മന്ത്രി അശ്ലീല പരാമർശം നടത്തിയെന്നത് ശുദ്ധനുണയാണെന്നു തെളിയുകയാണ്. അടിമാലി ഇരുപതേക്കറിൽ 21ന് വൈകിട്ട് മന്ത്രി മണി നടത്തിയ പ്രസംഗത്തിലെ വിവാദഭാഗത്തിന്റെ വിശകലനം ഇതാണ് വ്യക്തമാക്കുന്നത്.

മൂന്നാറിലെ ഒഴിപ്പിക്കൽ ഏതെങ്കിലും മന്ത്രിയുടെയോ ഉദ്യോഗസ്ഥന്റെയോ ചാനൽ പ്രവർത്തകന്റെയോ ദൗത്യമല്ലെന്നും കൂട്ടായി നടക്കേണ്ടതാണെന്നുമാണ് മന്ത്രി പറഞ്ഞത്. മറിച്ചുള്ള പ്രചാരണം ചില ചാനലുകൾ നടത്തുന്നുണ്ട്. അതിനു പിന്നിൽ ഉദ്യോഗസ്ഥരുമായുള്ള ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥരും ചാനൽ പ്രവർത്തകരും കൂട്ടായി മദ്യപാനമടക്കം നടത്തുന്ന അവിശുദ്ധ ബന്ധമുള്ള സംഘമാണ്. മൂന്നാറിലെ ഒന്നാം ദൗത്യകാലത്തും പൊമ്പളൈ ഒരുമൈ സമരക്കാലത്തും ഇതു കണ്ടതാണ്. സുരേഷ് കുമാർ ഐഎഎസ്, ഡിവൈഎസ്പി സജി എന്നിവരുടെ അതേ ശൈലി ദേവികുളം സബ് കലക്ടറും പിന്തുടരുന്നു – ഇതാണ് മന്ത്രി മണി പറഞ്ഞത്.

മന്ത്രി മണിയുടെ പ്രസംഗത്തിലെ വിവാദഭാഗം എഡിറ്റ് ചെയ്യാത്ത രൂപത്തിൽ:

‘മുഖ്യമന്ത്രിയാ നിർദേശിച്ചത്. ഇവിടെ ജില്ലയിൽ നിന്നുള്ള മന്ത്രിയാണ്. അങ്ങേരോടും കൂടെ ചർച്ച ചെയ്ത് ചെയ്യണം. അല്ലാതെ ഒഴിപ്പീരെല്ലാം കൂടെ എന്റെ നേർക്ക്, ഞാൻ ചെയ്‌തോളാം, എന്നൊന്നും തീരുമാനിച്ചിട്ടില്ല.

‘തികച്ചും മര്യാദയ്ക്കാ യോഗത്തിലെ തീരുമാനം. ഓ. അതോടെ ഇനി വല്ലോം നടക്കുവോ?’

‘ഇവമ്മാര് ഈ ചാനലുകാരല്ലേ ഇതെല്ലാം നടത്താൻ പോകുന്നേ? അവര് ഇവന്റെ കൂടെയാ – സബ് കലക്ടറുടെ കൂടെയാ – വൈകുന്നേരം. ‘പണ്ട് സുരേഷ് കുമാർ വന്നിട്ട് കള്ളുകുടി. കെയ്‌സ് കണക്കായിരുന്നു ബ്രാണ്ടി. എവിടെ? പൂച്ച. പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ആപ്പീസിൽ. ഗസ്റ്റ് ഹൗസിൽ. കുടീം സകല പണീം ഉണ്ടായിരുന്നു.

‘പൊമ്പളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? ആ വനത്തില്-അകത്തുള്ള കാട്ടിലായിരുന്നു പണിയൊക്കെ. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു. എന്താ? സജിയോ? ആ. എല്ലാരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം.

‘ഞാനത് പറഞ്ഞു ഇവടെ. ചാനലുകാരും കൂടെ പൊറുതിയാണെന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ.

‘ആ. ആ. പിന്നേയ് പബ്ലിക്കായി വിമർശിക്കാൻ പറ്റുവോ? പിന്നെ…

‘പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല.

‘ഏതായാലും അന്യായമായ കൈയേറ്റം ഒഴിപ്പിക്കണം എന്നുള്ളത് ഗവൺമെന്റ് നയമാ. അത് ഏതേലും ഒരു ചുങ്ങൻ ഈ ഗവൺമെന്റിലെ ഏതേലും ഒരു മന്ത്രിയുടെ മാത്രം കാര്യമല്ല. ഗവൺമെന്റിന്റെ പൊതുകാര്യമാ.’

പൊമ്പളൈ ഒരുമൈ സമരകാലത്ത് ഒരു ഡിവൈഎസ്പിയും ചാനൽപ്രവർത്തകരും കൂട്ടായി മദ്യപാനത്തിലും മറ്റും ഏർപ്പെട്ടു എന്ന പരാമർശം പൊമ്പളൈ ഒരുമൈ പ്രവർത്തകരായ സ്ത്രീകൾക്കെതിരായ അശ്ലീല പരാമർശമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.

പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ മന്ത്രി വേശ്യകളായി ചിത്രീകരിച്ചെന്നാണ് വാർത്തകൾ അവകാശപ്പെട്ടത്. ആ അവകാശവാദമാണ് വിവാദപ്രസംഗഭാഗത്തിന്റെ വിശകലനത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News