മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെ എന്നു സംശയം; സമരം സിഐടിയുവുമായി ബന്ധം വേർപ്പെടുത്തി ദിവസങ്ങൾക്കകം; സമരത്തിനു കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാർ

ഇടുക്കി: മന്ത്രി എം.എം മണിക്കെതിരായ ഗോമതിയുടെ സമരവും രംഗപ്രവേശവും ഏറെ സംശയം ഉളവാക്കുന്നതാണ്. മണിക്കെതിരായ ഗോമതിയുടെ രംഗപ്രവേശം രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഗോമതി സിഐടിയുവിൽ നിന്ന് രാജിവയ്ക്കുന്നതായി രണ്ടാഴ്ച മുമ്പ് മാത്രമാണ് പ്രഖ്യാപിച്ചത്. പൊമ്പളൈ ഒരുമൈയിലേക്കു തിരിച്ചു പോകുകയാണെന്നു പറഞ്ഞെങ്കിലും അവർ കൂടെ കൂട്ടിയില്ല. ഇത്തവണ സമരം തുടങ്ങിയപ്പോഴാകട്ടെ കൂടെയുണ്ടായിരുന്നത് കോൺഗ്രസുകാരും.

പൊമ്പളൈ ഒരുമൈയുടെ സമരത്തിനു ശേഷം ഗോമതി സംഘടന വിട്ടിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്തു. തുടർന്ന് അവർ സിഐടിയുവിലെത്തി. എന്നാൽ, ഏതാനും ദിവസങ്ങൾക്കു മുമ്പ് അവർ വാർത്താസമ്മേളനം നടത്തുകയും സിഐടിയുവുമായി ബന്ധം വിടുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. സിഐടിയുവിൽ ഉൾപാർട്ടി ജനാധിപത്യമില്ല എന്നാണ് ഗോമതി ആരോപിച്ചത്. താൻ പൊമ്പളൈ ഒരുമൈയിലേക്കു മടങ്ങുകയാണെന്നും അവർ അറിയിച്ചു.

എന്നാൽ, പൊമ്പളൈ ഒരുമൈ ഇത് നിരാകരിച്ചു. ഗോമതിയെ സ്വീകരിക്കുന്ന പ്രശ്‌നമേയില്ലെന്ന് പൊമ്പളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി അടക്കമുള്ളവർ വാർത്താസമ്മേളനം നടത്തി വ്യക്തമാക്കുകയും ചെയ്തു. തുടർന്ന്, രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിൽക്കുന്നതിനിടയ്ക്കാണ് മന്ത്രി മണിയുടെ പ്രസംഗത്തിനെതിരേ സമരവുമായി ഗോമതി രംഗത്തു വന്നത്.

മന്ത്രിയുടെ പ്രസംഗം നടന്നതിനു പിന്നാലേ തന്നെ സബ് കളക്ടർക്കെതിരായ പരാമർശങ്ങൾ മൂലം വിവാദമായിരുന്നു. എന്നാൽ, പ്രസംഗം നേരിട്ടു കേട്ട് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരാരും നൽകാത്ത വ്യാഖ്യാനം പ്രസംഗം നടന്ന് 32 മണിക്കൂറോളം പിന്നിട്ട ശേഷമാണ് ഞായറാഴ്ച ഉച്ചയോടെ ഉണ്ടായത്. ആ വാർത്ത പുറത്തുവരുന്ന അതേ സമയത്തു തന്നെ മന്ത്രി പൊമ്പളൈ ഒരുമൈ പ്രവർത്തകരെ വേശ്യകളോടുപമിച്ചുവെന്ന ആരോപണവുമായി ഗോമതിയും സമരത്തിനെത്തി. മന്ത്രി മൂന്നാറിലെത്തി തന്നോട് നേരിട്ടു മാപ്പു പറയണം എന്ന ആവശ്യമാണ് ഗോമതി ഉയർത്തിയത്.

പൊമ്പളൈ ഒരുമൈയുടെ പേരിലായിരുന്നു സമരമെങ്കിലും ഗേമതിയടക്കം നാലു സ്ത്രീകളാണ് സമരത്തിനിറങ്ങിയത്. നേരത്തേ, ബോണസ് സമരം നടത്തിയപ്പോൾ മൂന്നാർ മേഖലയിലെ എല്ലാ എസ്റ്റേറ്റുകളിൽ നിന്നുമായി ആയിരക്കണക്കായ സ്ത്രീകളാണ് സമരത്തിൽ അണിനിരന്നിരുന്നത്. ഗോമതിയെയും മറ്റു മൂന്നു സ്ത്രീകളെയും പൊലീസ് നീക്കം ചെയ്യാനെത്തിയപ്പോൾ ഏതാനും പുരുഷന്മാരും രംഗത്തുവന്നു. ഇവരാകട്ടെ ഐഎൻടിയുസിക്കാരും കോൺഗ്രസുകാരുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഗോമതിയുടെ സമരം രാഷ്ട്രീയലക്ഷ്യങ്ങളോടെ കോൺഗ്രസിന്റെ ആസൂത്രണത്തിൽ അരങ്ങേറിയതാണ് എന്ന സംശയം ഉയരുന്നത്. പൊമ്പളൈ ഒരുമൈ നേതൃത്വത്തിലേയ്ക്ക് എത്തിപ്പെടുക, മന്ത്രി മണിക്കെതിരേ അനാവശ്യ വിവാദത്തിലേക്കു പോകാത്ത പൊമ്പളൈ ഒരുമൈ നേതൃത്വത്തിനെതിരേ അണികളെ തിരിച്ചുവിടുക, തന്നെ തിരിച്ചെടുക്കാത്ത നേതൃത്വത്തിനോട് പ്രതികാരം ചെയ്യുക, താൻ കൈവിട്ട സിഐടിയുവിനെ പാഠം പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ സമരത്തിനു പിന്നിലുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. പ്രസംഗം മുൻനിർത്തി കെട്ടിച്ചമച്ച വാർത്തയുടെ പുറത്തു വരലും ഗോമതിയുടെ സമരവും ഒരേസമയത്തായതും സമരവേദിയിലെ കോൺഗ്രസ് സാന്നിധ്യവും ആ സംശയം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here