മോഹന്‍ലാലിന്റെ ദേശീയപുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ ഇപി ജയരാജന്‍; പുരസ്‌കാര ജേതാക്കള്‍ മലയാളത്തിന്റെ അഭിമാനം; അല്‍പ്പന്മാരുടെ പ്രതികരണത്തോട് സഹതാപമെന്നും ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : മോഹന്‍ലാലിന്റെ ദേശീയ പുരസ്‌കാര നേട്ടത്തെ വിമര്‍ശിച്ചവര്‍ക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ് മോഹന്‍ലാല്‍. ലാലിന്റെ ദേശീയ പുരസ്‌കാര നേട്ടത്തിനെതിരായ ചില അല്‍പ്പന്മാരുടെ പ്രതികരണത്തോട് സഹതാപം തോന്നുകയാണെന്നും ഇപി ജയരാജന്‍ പറയുന്നു.

മോഹന്‍ലാല്‍, നടി സുരഭി, സംസ്ഥാന പുരസ്‌കാരം നേടിയ നടന്‍ വിനായകന്‍ തുടങ്ങി മലയാളത്തിന്റെ അഭിമാന താരങ്ങള്‍ക്കെല്ലാം ഇപി ജയരാജന്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചാഗ്‌നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്തതാണ് മോഹന്‍ലാലിന്റെ അഭിനയമികവ്. മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ് പുലി മുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീര്‍ത്തത്.

മറ്റൊരു വിസ്മയമാകാന്‍ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്താനിരിക്കുന്നു. സഹ്യനും ഹിമഗിരിശൃംഗങ്ങള്‍ക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയര്‍ത്തി നില്‍ക്കുവാന്‍ കുതിക്കുകയാണ് മോഹന്‍ലാല്‍. ഇത്തരത്തിലുള്ള അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇപി ജയരാജന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here