തെലുങ്ക് ചലച്ചിത്ര പ്രതിഭ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം

ദില്ലി : തെലുങ്ക് ചലച്ചിത്ര പ്രതിഭയും നടനുമായ കെ വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത പുരസ്‌കാരം മെയ് മൂന്നിന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ഏറ്റുവാങ്ങും. പത്തു ലക്ഷം രൂപയും സുവര്‍ണകമലവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആറ് ദശകം നീണ്ട കലാജീവിതത്തിനിടെ കലാമൂല്യവും ജനപ്രീതിയും നേടിയ 50 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ പുനരുജ്ജീവനത്തിന് വഴിയൊരുക്കിയ ചലച്ചിത്രം ശങ്കരാഭരണം (1979) മാസ്റ്റര്‍ പീസായി കരുതുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി കൂടാതെ മലയാളം അടക്കമുള്ള ഭാഷകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങി.

സാഗരസംഗമം, സ്വാതി മുതിയം, സപ്ത പാഡി, കാംചോര്‍, സന്‍ജോഗ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളില്‍ ചിലത്. സ്വാതി മുത്തിയം ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഓസ്‌കറില്‍ മത്സരിച്ചു. അമ്പതുകളുടെ അവസാനം തെലുങ്ക് സിനിമയില്‍ ശബ്ദലേഖകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച കാസിനധുനി വിശ്വനാഥ് ക്രമേണ സംവിധാനത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു.

പുരാണേതിഹാസങ്ങളും താരസിനിമകളും നിറഞ്ഞാടിയ തെലുങ്ക് ചലച്ചിത്ര ലോകത്ത് സംവിധായകന്റെ കലയായി സിനിമ അറിയപ്പെട്ടു തുടങ്ങിയത് വിശ്വനാഥിന്റെ വരവോടെയാണ്. സാമൂഹ്യ പ്രസക്തിയുള്ള, പ്രമേയങ്ങളുള്ള ശക്തമായ മുഖ്യധാരാ സിനിമകളൊരുക്കിയ വിശ്വനാഥ് (87) അഞ്ച് ദേശീയ പുരസ്‌കാരം നേടി. ആന്ധ്ര സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം 20 തവണ കെ വിശ്വനാഥ് നേടി.

സമഗ്ര സംഭാവനയ്ക്ക് അടക്കം ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും തേടിയെത്തി. 1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. തൊണ്ണൂറുകളുടെ അവസാനം കാമറയ്ക്ക് മുന്നിലെത്തി അഭിനേതാവായും തിളങ്ങി. കമല്‍ഹാസന്റെ ഉത്തമവില്ലന്‍, ധനുഷ് ചിത്രം യാരടീ നീ മോഹിനി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. ജനപ്രീതി നേടീയ സീരിയലുകളിലും കെ വിശ്വനാഥ് അഭിനയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News