കുഴൽകിണറിൽ 56 മണിക്കൂർ കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി മരിച്ചു; കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ കാവേരി കുഴൽകിണറിൽ വീണത് ശനിയാഴ്ച വൈകുന്നേരം

ബംഗളുരു: കുഴൽകിണറിൽ 56 മണിക്കൂറിൽ അധികം കുടുങ്ങിക്കിടന്ന ആറുവയസ്സുകാരി ഒടുവിൽ മരണത്തിനു കീഴടങ്ങി. വടക്കൻ കർണാടകത്തിലെ ബെലഗാവിയിൽ ശനിയാഴ്ച വൈകുന്നേരം കുഴൽകിണറിൽ വീണ ആറുവയസ്സുകാരി കാവേരിയാണ് മരിച്ചത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ കുട്ടി മരിച്ചതായി രക്ഷാപ്രവർത്തകർ അറിയിക്കുകയായിരുന്നു.

കുഴൽകിണറിൽ വീണ് 56 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി 11.30 ഓടെ കാവേരി മരിച്ചതായി ചൊവ്വാഴ്ച പുലർച്ചെ രക്ഷാപ്രവർത്തകർ അറിയിച്ചു. മൃതദേഹം അത്താണി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. സഹോദരങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം കളിക്കവേ കാവേരി ഉപയോഗശൂന്യമായ കിണറിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടി കുടുങ്ങിക്കിടക്കുന്ന 30 അടി താഴ്ചയിൽ സമാന്തരമായി കുഴിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.

കർഷകനായ ശങ്കർ ഹിപ്പരാഗി എന്നയാളുടെ സ്ഥലത്താണ് കുഴൽകിണർ സ്ഥിതിചെയ്യുന്നത്. 400 അടി താഴ്ചയുള്ള കുഴൽകിണർ വെള്ളമില്ലാത്തതിനെത്തുടർന്ന് ഉപേക്ഷിച്ചതാണ്. അപകടം നടന്നപ്പോൾ മുതൽ ശങ്കർ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News