മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരവേദിയിൽ കോൺഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്; രാഷ്ട്രീയക്കാരെ കൂടെകൂട്ടില്ലെന്ന പൊമ്പിളൈ ഒരുമൈ നിലപാട് അട്ടിമറിക്കപ്പെട്ടു; സമരം രാഷ്ട്രീയവത്കരിക്കപ്പെടുന്നു

മൂന്നാർ: ഗോമതിയുടെ സമരവേദിയിൽ കോൺഗ്രസ്-ബിജെപി നേതാക്കൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്. ബിന്ദു കൃഷ്ണയും ലതിക സുഭാഷും ശോഭാ സുരേന്ദ്രനും ഒരുമിച്ച് ഒരുദിവസം മുഴുവൻ സമരവേദി പങ്കിട്ടു. രാഷ്ട്രീയക്കാരെ കൂടെക്കൂട്ടില്ലെന്ന പൊമ്പിളൈ ഒരുമ നിലപാട് അട്ടിമറിക്കപ്പെടുകയാണ് ഇവിടെ. സമരത്തിന്റെ വേദി കോൺഗ്രസ്, ബിജെപി നേതാക്കൾ ഒരേസമയം പങ്കിട്ട് മഴവിൽ സഖ്യത്തിനാണ് രൂപം നൽകിയത്. ഈ മൂന്നു നേതാക്കളും ഇന്നലെ മുഴുവൻ സമരവേദിയിലിരുന്നു. സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ നേതാക്കളായല്ല, സമരത്തിലെ പങ്കാളികളായിത്തന്നെ ഇവർ മാറുകയായിരുന്നു.

പൊമ്പിളൈ ഒരുമയുടെ പേരിലാണ് ഗോമതി സമരം നടത്തുന്നത്. എന്നാൽ, രാഷ്ട്രീയകക്ഷി നേതാക്കളെ സ്വന്തം സമരങ്ങളിൽ പങ്കെടുപ്പിക്കില്ല എന്നാണ് ഒരുമൈയുടെ പ്രഖ്യാപിത നിലപാട്. കേരളം ശ്രദ്ധിച്ച ബോണസ് സമരവേളയിൽ ഒരുമൈ സ്വീകരിച്ച നിലപാട് അതായിരുന്നു. ഒരു രാഷ്ട്രീയനേതാവും സമര വേദിയിലെത്തേണ്ട എന്ന് അന്ന് ഒരുമൈ ശഠിച്ചിരുന്നു. വി.എസ് അച്യുതാനന്ദനു മാത്രമാണ് അതിൽ ഇളവു നൽകിയത്. ആ നിലപാടാണ് പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ നടക്കുന്നു എന്നു പ്രഖ്യാപിച്ചു നടക്കുന്ന ഈ സമരത്തിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച ഗോമതി സമരം തുടങ്ങുമ്പോഴും കോൺഗ്രസ്-ഐഎൻടിയുസി പ്രവർത്തകരാണ് കൂടെയുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് കോൺഗ്രസിന്റെ സംസ്ഥാനതല വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയും ലതിക സുഭാഷും സമര വേദിയിലെത്തിയത്. ഒപ്പം തന്നെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും വന്നു. പൊമ്പിളൈ ഒരുമൈയുടെ മുൻ നിലപാടനുസരിച്ച് ഇവരെ വേദിയിൽ പ്രസംഗിപ്പിക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഈ നേതാക്കൾ സമരത്തിലെ പങ്കാളികളാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഗോമതിയുടെ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾ നേരത്തേ തന്നെ ചർച്ചയായിരിക്കേയാണ് പുതിയ സംഭവവികാസം. ബോണസ് സമരകാലത്ത് പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതി പിന്നീട് സംഘടന വിട്ടിരുന്നു. ഇടക്കാലത്ത് അവർ സിഐടിയുവിലെത്തുകയും ചെയ്തു. സിഐടിയു വിടുന്നതായി രണ്ടാഴ്ച മുമ്പാണ് അവർ പ്രഖ്യാപിച്ചത്. അതിനു പുറകേ ഒരുമൈയിൽ തിരിച്ചെത്താനുള്ള അവരുടെ താൽപര്യം ആ സംഘടന തള്ളിയിരുന്നു. അതിനും പിന്നാലേയാണ് മണിയുടെ പ്രസംഗത്തിൽ ഒരുമൈ പ്രവർത്തകരെ വേശ്യകളോടുപമിച്ചു എന്ന പരാതിയുമായി അവർ സമരത്തിനെത്തിയത്.

പൊമ്പിളൈ ഒരുമൈ പോലും ഉയർത്താത്ത ഈ വാദമുയർത്തി സമരം ചെയ്ത് തന്നെ തിരിച്ചെടുക്കാത്ത ഒരുമൈ നേതാക്കളോടും താൻ വിടപറഞ്ഞ സിഐടിയുവിനോടും പകതീർക്കാനുള്ള ഒരവസരമായി ഗോമതി മണിയുടെ പ്രസംഗത്തെ മാറ്റുകയായിരുന്നു എന്ന സംശയമാണ് ഉയർന്നിരുന്നത്. അവരുടെ സമരവേദിയിലെ കോൺഗ്രസ്-ബിജെപി നേതൃസാന്നിധ്യത്തോടെ ആ സംശയം കൂടുതൽ ബലപ്പെടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News