മണിക്കെതിരെ നടക്കുന്നത് തെറ്റായ മാധ്യമപ്രവർത്തനത്തിന്റെ ആഘോഷം; വേശ്യ പരാമർശം എവിടെ പറഞ്ഞെന്നു സമരക്കാർക്കു പോലും അറിയില്ലെന്നു മാധ്യമപ്രവർത്തകൻ അഭിജിത് പി.ജെ (റിപ്പോർട്ടർ ടി. വി.)

മന്ത്രി എം. എം. മണിക്കെതിരെ നടക്കുന്നത് തെറ്റായ മാധ്യമപ്രവർത്തനത്തിന്റെ ആഘോഷമാണെന്നു മാധ്യമപ്രവർത്തകൻ അഭിജിത് പി.ജെ.(റിപ്പോർട്ടർ ടി.വി) ഓരോ വിഷയങ്ങളുമെടുത്ത് അതിനുമറവിൽ ചിലർ കാട്ടിക്കൂട്ടിയതെന്തെന്നാണ് മണി പറയുന്നത്. അത് പൊമ്പിളൈ ഒരുമൈക്കെതിരെയുള്ള പ്രസംഗമല്ല എന്നും കൃത്യമായി കേട്ടാൽ മനസ്സിലാകും. സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന വേശ്യയെന്ന ആക്ഷേപം, എവിടെപ്പറഞ്ഞെന്ന് അവർക്കു തന്നെ അറിയില്ല-അഭിജിത് വിലയിരുത്തുന്നു.

48 സെക്കന്റ് ദൈർഘ്യമുള്ള എംഎം മണിയുടെ ആ ബൈറ്റ് കേട്ടെഴുതാം നമുക്ക്: ‘അവിടെ ഇവന്റെ കൂടെയാ, സബ് കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ.., പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. കുടിയും സകല പണിയുമുണ്ടായിരുന്നു. പൊമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തിൽ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്.

ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാൻ പറ്റുമോ. ആഹാ. പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല’.

ഓരോ വിഷയങ്ങളുമെടുത്ത് അതിനുമറവിൽ ചിലർ കാട്ടിക്കൂട്ടിയതെന്തെന്നാണ് മണി പറയുന്നത്. ഇന്നു ശ്രീറാം വെങ്കിട്ടരാമനൊപ്പമുള്ളവരാണ് ആ സംഘം. അവർ ചാനൽ സംഘങ്ങളാണെന്നും മണി വ്യക്തമായും സ്പഷ്ടമായും പറയുന്നു. അത് പൊമ്പിളൈ ഒരുമൈക്കെതിരെയുള്ള പ്രസംഗമല്ല എന്നും കൃത്യമായി കേട്ടാൽ മനസ്സിലാകും. ഇന്നു ശ്രീറാമിനൊപ്പമുള്ള ചാനൽ സംഘമുൾപ്പെടെയുള്ളവർ മുൻപ് സുരേഷ് കുമാറിന്റെ കാലത്തും പൊമ്പിളൈ ഒരുമൈ കാലത്തുമെല്ലാം ഇടുക്കിയിലുണ്ടായിരുന്നു.

കുടിയും വൃത്തികേടുകളുമെല്ലാമായിരുന്നു അന്നുമിന്നും ഇവരുടെ പണി. സുരേഷ്‌കുമാറിന്റെ കാലത്ത് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലായിരുന്നുവെങ്കിൽ, പൊമ്പിളൈ സമരകാലത്ത് അത് അടുത്തുള്ള കാട്ടിലായിരുന്നു. ശ്രീറാമിനൊപ്പമുള്ള ഈ സംഘത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായുള്ള യോഗത്തിലും താൻ പറഞ്ഞിരുന്നു. അവരെ സബ് കളക്ടർക്ക് ഉപേക്ഷിക്കാനാകില്ലെന്നും വൃത്തിയായി പറയുന്നു.

സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന വേശ്യയെന്ന ആക്ഷേപം, എവിടെപ്പറഞ്ഞെന്ന് അവർക്കു തന്നെ അറിയില്ല. മണിയാശാൻ പറഞ്ഞ കാര്യത്തിൽ ചെറിയ ക്ലാരിറ്റി കുറവുണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും, മുൻവിധികളോ അജണ്ടകളോ ഇല്ലാത്ത സാമാന്യബോധമുള്ള ആർക്കും ഇതു മനസിലാകുക ഇത്തരത്തിലാകും. മറിച്ചുള്ളവരെ ഞങ്ങളുൾപ്പെട്ട മാധ്യമപ്രവർത്തകരെന്ന ഗണത്തിൽപ്പെടുത്താം.

തെറ്റായ മാധ്യമപ്രവർത്തനത്തിന്റെ ആഘോഷമാണ് പ്രിയപ്പെട്ടവരെ, ഇന്നത്തെ സായാഹ്നത്തിൽ നിങ്ങളാസ്വദിച്ചത്, ഇപ്പോളും ആസ്വദിച്ചു കൊണ്ടിരിക്കുന്നതും-അഭിജിത് വാട്‌സ്ആപ്പ് കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News