ഗോമതിയുടെ സമരം നിരാഹാരമായത് സി ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം; മൂന്നാർ രാഷ്ട്രീയ കൗതുകക്കാഴ്ചകളുടെ രംഗവേദിയാകുന്നു

ഗോമതിയുടെ സമരം നിരാഹാരമായത് സി.ആർ നീലകണ്ഠന്റെ ഉപദേശപ്രകാരം. സമരത്തിന് ആം ആദ്മി പാർട്ടി പിന്തുണ നൽകണമെങ്കിൽ സത്യാഗ്രഹം നിരാഹാരമാക്കണമെന്നു നീലകണ്ഠൻ നിർദേശിച്ചു. ഗോമതിയും ബിന്ദു കൃഷ്ണയും ലതിക സുഭാഷും ശോഭ സുരേന്ദ്രനും അതു അംഗീകരിച്ചതോടെ നിരാഹാരത്തിനു വഴിയൊരുങ്ങി. മൂന്നാർ അങ്ങനെ രാഷ്ട്രീയ കൗതുകക്കാഴ്ചകളുടെ രംഗവേദിയായും മാറുകയാണ്.

മന്ത്രി എം.എം മണി ഏപ്രിൽ 21നു നടത്തിയ പ്രസംഗം ദേവികുളം സബ് കളക്ടർക്കെതിരായ പരാമർശങ്ങളുടെ പേരിൽ അന്നു തന്നെ വിവാദമായിരുന്നു. എന്നാൽ, അതേ പ്രസംഗത്തിൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ വേശ്യകളായി ചിത്രീകരിച്ചു എന്ന വ്യാഖ്യാനം ചില ദൃശ്യമാധ്യമങ്ങൾ ഉയർത്തിയത് ഏപ്രിൽ 23നാണ്. അതോടൊപ്പം തന്നെ മൂന്നാറിൽ ഗോമതി സത്യാഗ്രഹവും തുടങ്ങിയിരുന്നു. എന്നാൽ, ഏപ്രിൽ 24ന് വൈകുന്നേരമാണ് നീലകണ്ഠൻ സമരവേദിയിലെത്തിയത്.

നീലകണ്ഠൻ താമസിക്കുന്ന എറണാകുളത്തു നിന്ന് സമരം നടക്കുന്ന മൂന്നാറിലെത്താൻ നാലു മണിക്കൂർ മതിയെന്നിരിക്കേയാണ് സമരവേദിയിലെത്താൻ അദ്ദേഹം മുപ്പതോളം മണിക്കൂർ എടുത്തത്. എന്നാൽ, തിങ്കളാഴ്ച വൈകുന്നേരം സമരവേദിയിലെത്തിയ നീലകണ്ഠൻ പിന്നീട് സമരത്തിന്റെ സൂത്രധാരനാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സത്യാഗ്രഹത്തിനു പകരം നിരാഹാരത്തിലേക്കു മാറിയാൽ സമരത്തിന് ആം ആദ്മിയുടെ പിന്തുണയും നൽകാം എന്നു നീലകണ്ഠൻ സമരക്കാരെ അറിയിച്ചു. സ്ത്രീകളുടെ സത്യാഗ്രഹത്തേക്കാൾ സ്ത്രീകളുടെ നിരാഹാരമാണ് കൂടുതൽ തീക്ഷ്ണമായ സമരമുറ എന്നായിരുന്നു നീലകണ്ഠന്റെ വാദം. ചൊവ്വാഴ്ച നിയമസഭ തുടങ്ങാനിരിക്കേ അങ്ങനെയൊരു സമരമുറയ്ക്കാണ് കൂടുതൽ പ്രസക്തി എന്നും നീലകണ്ഠൻ വാദിച്ചു. സമരം ചെയ്യുന്ന ഗോമതിക്കൊപ്പം കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ലതികാ സുഭാഷും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും അപ്പോൾ സമരവേദിയിലുണ്ടായിരുന്നു. നീലകണ്ഠന്റെ നിർദ്ദേശം ഇവർ കൂടി അംഗീകരിച്ചതോടെയാണ് സത്യാഗ്രഹം നിരാഹാരമായത്.

പൊമ്പിളൈ ഒരുമൈയുടെ സമരത്തിൽ രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കില്ല എന്ന കീഴ്‌വഴക്കം മാറ്റി വച്ച് ഗോമതിയുടെ സമരത്തിൽ ബിന്ദു കൃഷ്ണയെയും ലതിക സുഭാഷിനെയും ശോഭ സുരേന്ദ്രനെയും പങ്കെടുപ്പിച്ചതിലെ അനൗചിത്യം തിങ്കളാഴ്ച തന്നെ സമര വേദിക്കരികിൽ ചർച്ചയായിരുന്നു. എന്നാൽ, സ്ത്രീ പ്രശ്‌നമായതിനാലാണ് സ്ത്രീകളായ നേതാക്കളെ ഈ സമരത്തിൽ കൂട്ടിയത് എന്നാണ് അതിന് ഗോമതിയും കൂട്ടരും പറഞ്ഞ ന്യായം. ഒരു സമരവേദിയിലാണെങ്കിൽ പോലും ഒരുമിച്ച് അണിനിരന്നതിന്റെ രാഷ്ട്രീയ അനൗചിത്യത്തെ ഇതേ രീതിയിലാണ് സമരവേദി പങ്കിട്ട കോൺഗ്രസ്-ബിജെപി നേതാക്കളും ന്യായീകരിച്ചത്.

എന്നാൽ, നീലകണ്ഠൻ കാര്യങ്ങൾ ഏറ്റെടുത്തതോടെ അതും മാറി. ചൊവ്വാഴ്ച മുതൽ സമരം നിരാഹാരമായി. സമരവേദിയിൽ സ്ത്രീകളായ നേതാക്കൾക്കൊപ്പം നീലകണ്ഠനും ഇരിപ്പുറപ്പിച്ചു. അതോടെ, പൊമ്പിളൈ ഒരുമൈ സമരം എന്ന പേരിൽ തുടങ്ങിയ സമരം കോൺഗ്രസ്-ബിജെപി സമരം എന്ന രണ്ടാം ഘട്ടത്തിൽ നിന്ന് കോൺഗ്രസ്-ബിജെപി-ആം ആദ്മി സമരം എന്ന മൂന്നാം ഘട്ടത്തിലേക്കും എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News