ഇന്ത്യൻ ഫുട്‌ബോൾ ഗോൾകീപ്പർ സുബ്രത പാൽ ഉത്തേജക മരുന്നുപയോഗത്തിനു പിടിയിൽ; ബി സാംപിളും നെഗറ്റീവായാൽ കടുത്ത നടപടി

ദില്ലി: ഇന്ത്യൻ ഫുട്‌ബോൾ ടീം ഗോൾകീപ്പർ സുബ്രത പാൽ ഉത്തേജക മരുന്ന് ഉപയോഗത്തിനു പിടിയിലായി. നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതിനാണ് സുബ്രത പാലിനെ പിടികൂടിയത്. മാർച്ച് 18നു ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിൽ വച്ചാണ് നാഡ സുബ്രതയെ ഉത്തേജക മരുന്ന് ഉപയോഗത്തിനു പിടികൂടിയത്. സുബ്രതയുടെ സാംപിൾ പരിശോധനയുടെ ഫലം ഇപ്പോഴാണ് പുറത്തുവന്നത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പറാണ് സുബ്രത പാൽ.

സുബ്രത പാൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട വിവരം അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സുബ്രത പാൽ അംഗമായ ഇന്ത്യൻ ടീം കംബോഡിയയ്‌ക്കെതിരെയുള്ള സൗഹൃദമത്സരവും മ്യാൻമറിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പും കളിക്കാൻ യാത്ര പുറപ്പെടുന്നതിനു തൊട്ടുമുൻപായിരുന്നു പരിശോധന. ഈ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിക്കുകയും ചെയ്തു.

2007 മുതൽ ഇന്ത്യൻ ടീമിന്റെ ഗോൾവലയ്ക്കു കീഴിൽ കാവൽക്കാരനായി സുബ്രത പാലുണ്ട്. 64 മത്സരങ്ങളിൽ ഇന്ത്യൻ ഗോൾവല കാത്തിട്ടുണ്ട്. എഎഫ്‌സി ചലഞ്ച് കപ്പ്, നെഹ്‌റു കപ്പ്, ഏഷ്യൻ കപ്പ്, ലോകകപ്പ് യോഗ്യത ഫുട്‌ബോൾ തുടങ്ങി വലിയ ടൂർണമെന്റുകളിൽ എല്ലാം ഇന്ത്യയുടെ ഗോൾവല കാവൽക്കാരൻ സുബ്രതയാണ്. നിരവധി കളികളിൽ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പൈഡർമാൻ എന്നാണ് കളിക്കളത്തിൽ സുബ്രതയുടെ ഇരട്ടപ്പേര്.

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഐ ലീഗിൽ ഡി.എസ്.കെ.ശിവാജിയൻസിന്റെയും താരമാണ് സുബ്രത പാൽ. ഗുർപ്രീത് സിംഗ് സന്ധു വരുന്നതു വരെ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്നു കളിക്കളത്തിൽ സ്‌പൈഡർമാൻ എന്നറിയപ്പെടുന്ന സുബ്രത പാൽ.

മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, പുണെ, പ്രയാഗ് യുണൈറ്റഡ്, രാജ്‌ദെജെയ്ദ് യുണൈറ്റഡ് സാൽഗോക്കർ എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഇടയ്ക്ക് ഡേനിഷ് ക്ലബായ എഫ്.സി. വേസ്‌ജെലാൻഡിനുവേണ്ടിയും കളിച്ചു.

പാലിന് ഇനി ബി സാമ്പിൾ പരിശോധനയ്ക്ക് അപേക്ഷ നൽകുകയോ അപ്പീൽ നൽകുകയോ ചെയ്യാം. ഇതിലും പരാജയപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News