500 കിലോ ഭാരവുമായെത്തിയ ഇമാന്റെ തൂക്കം 327 കിലോ കുറഞ്ഞെന്നു ആശുപത്രി അധികൃതർ; കള്ളം പറയുകയാണെന്നു ഇമാന്റെ സഹോദരി

മുംബൈ: 500 കിലോ ഭാരവുമായി തൂക്കം കുറയ്ക്കാൻ ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ സ്വദേശി ഇമാൻ അഹമ്മദിന്റെ തൂക്കം 327 കിലോ കുറഞ്ഞതായി ആശുപത്രി അധികൃതരുടെ വാദം. എന്നാൽ, ആശുപത്രി അധികൃതരും ഡോക്ടമാരും കള്ളം പറയുകയാണെന്ന ആരോപണവുമായി ഇമാന്റെ ബന്ധുക്കളും രംഗത്തെത്തി. ഇമാന്റെ തൂക്കം 327 കിലോ കുറഞ്ഞ് 173 കിലോ ആയെന്നും അവർക്ക് ഇനി വീട്ടിലേക്കു പോകാം എന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാൽ, ഇമാന് ഇപ്പോഴും 240 കിലോ ഭാരമുണ്ടെന്ന് ഷൈമ വാദിക്കുന്നു.

മുംബൈയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായിരുന്നു ഇമാൻ അഹമ്മദ്. മുംബൈയിലെ സെയ്ഫി ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്. രണ്ടാഴ്ചയ്ക്കകം ഇമാന് സ്വന്തം നാടായ അലക്‌സാണ്ട്രിയയിലേക്കു പോകാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇമാന്റെ തൂക്കം സിടി സ്‌കാനിനു താങ്ങാൻ പറ്റുന്ന തരത്തിൽ 200 കിലോക്ക് താഴെ എത്തിക്കാനാണ് പരിശ്രമിച്ചിരുന്നതെന്നു ഡോക്ടർമാർ പറയുന്നു. അതു സാധിച്ചതായും ഡോക്ടർമാർ പറയുന്നുണ്ട്.

അറബി ഭാഷയിൽ ഇംഗ്ലീഷ് സബ് ടൈറ്റിലോടു കൂടി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇമാന്റെ സഹോദരി ഷൈമ ഇതിനെ ചോദ്യം ചെയ്യുന്നത്. രണ്ടുമാസം കൊണ്ട് 300 കിലോ എങ്ങനെ കുറയും എന്നാണ് ഷൈമ സലിം ചോദിക്കുന്നത്. രണ്ടുമാസം കൊണ്ട് ആർക്കും 300 കിലോ കുറയ്ക്കാൻ സാധിക്കില്ല. ഇതു മാജിക് ആണോ എന്നും ഷൈമ ചോദിക്കുന്നു. ഇമാന് ഇപ്പോൾ 240 കിലോ വരെ ഭാരമുണ്ടെന്നും ഷൈമ സലിം ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, ഷൈമയുടെ ആരോപണങ്ങൾ ഡോക്ടർമാർ തള്ളിക്കളയുകയാണ്. ഷൈമയുടെ ആരോപണം ശരിയല്ലെന്നും ഇമാന്റെ ഡിസ്ചാർജ് വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രമാണ് ഇതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഈജിപ്തിലേക്കു കൊണ്ടുപോയാൽ അവിടെ ആവശ്യത്തിനുള്ള ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് തന്നെയാണ് ഡിസ്ചാർജ് വൈകിപ്പിക്കുന്നതെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെയും വിശ്രമത്തിലൂടെയും മാത്രമേ തൂക്കം സാധാരണ നിലയിലെത്തിക്കാനാകൂ. എന്നാൽ ഇവരുടെ ബന്ധുക്കൾ ഇമാനെ നിർബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുകയും നടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതരും ആരോപിക്കുന്നുണ്ട്. ഇമാന് ഇപ്പോൾ വായിലൂടെ ഭക്ഷണം ചവച്ചരച്ച് കഴിക്കാനോ സംസാരിക്കാനോ കഴിയില്ല. ഇതിന് നിർബന്ധിക്കുന്നത് പക്ഷാഘാതത്തിന് വരെ കാരണമാവുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ള ആരോപണങ്ങളൊന്നും തങ്ങളെ തകർക്കില്ലെന്നും ചികിത്സയിലുള്ള ജനങ്ങൾക്കുള്ള വിശ്വാസത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും സെയ്ഫി ആശുപത്രി സി.ഇ.ഒ ഹുഫൈസ ഷെഹബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News