മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമല്ല, ഹിന്ദുസ്ത്രീകള്‍ക്കും നീതികിട്ടണം | കെ.രാജേന്ദ്രന്‍

ഒരു വൃദ്ധക്ക് വിദേശത്ത് പോകണം. അവരുടെ അടുത്ത ബന്ധുക്കള്‍ വിദേശത്താണ്. അവര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷകൊടുത്തു. ഉടന്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന പ്രതീക്ഷയോടെ വിദേശയാത്രക്കായുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. 2015ല്‍ പരിശ്രമം ആരംഭിച്ചെങ്കിലും ഇതുവരേയും പാസ്‌പോര്‍ട്ട് കിട്ടിയിട്ടില്ല. പ്രശ്‌നം ലളിതമാണ്. വൃദ്ധ വിവാഹിതയാണ്.

പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ അപേക്ഷയോടൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റോ വിവാഹിതരാണെന്ന് ഭാര്യയും ഭര്‍ത്താവും സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലമോ സമര്‍പ്പിക്കണം. എന്നാല്‍ വളരെ ചെറുപ്പത്തിലേ വിവാഹിതയായ അവരുടെ പക്കല്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്ല. സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ അവരുടെ ഭര്‍ത്താവ് തയ്യാറല്ല.കാരണം വിവാഹം കഴിഞ്ഞ് മൂന്നാം മാസത്തില്‍ തന്നെ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോയിരുന്നു. എന്നാല്‍ ഇതുവരെ നിയമപ്രകാരം വിവാഹ ബന്ധം വേര്‍പ്പെടുത്തിട്ടില്ല. എങ്ങനെ പാസ്‌പോര്‍ട്ട് ലഭിക്കും? എന്നാല്‍ ഭാര്യക്കുണ്ടായ ബുദ്ധിമുട്ട് ഭര്‍ത്താവിന് ഉണ്ടായില്ല. അദ്ദേഹം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. നൂലാമാലകള്‍ ഒന്നുമില്ലാതെ പെട്ടെന്ന് പാസ്‌പോര്‍ട്ട് ലഭിച്ചു. അദ്ദേഹം ഇപ്പോള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ്.

ഇതിനിടയില്‍ വൃദ്ധ ഒരു അറ്റകൈ പ്രയോഗം നടത്തി. ഭര്‍ത്താവ് പാസ്‌പോര്‍ട്ട് അപേക്ഷയോടോപ്പം സ്വാഭാവികമായും വിവാഹസര്‍ട്ടിഫിക്കറ്റോ സത്യവാങ്മൂലമോ സമര്‍പ്പിച്ചിട്ടുണ്ടാവുമല്ലോ? അതിന്റെ പകര്‍പ്പ് സമര്‍പ്പിച്ചാല്‍ തനിക്കും പാസ്‌പോര്‍ട്ട് ലഭിക്കും. വൃദ്ധ ഭര്‍ത്താവ് പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവാശം നല്‍കി. പക്ഷെ ഇതുവരെ മറുപടി ലഭിച്ചില്ല.

ഈ ദുസ്ഥിതി നേരിടുന്നത് ഒരു ഹിന്ദു സ്ത്രീക്കാണ്. പേര് യശോദാബെന്‍. നാമനിര്‍ദ്ദേശപത്രികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ ഭാര്യയെന്ന് രേഖപ്പെടുത്തിയ സ്ത്രീ. ഇതൊരുകുടുംബ വിഷയമല്ല. മറിച്ച് ഒരു ഇന്ത്യന്‍ സ്തീ നേരിടുന്ന അവഗണനയുടേയും വിവേചനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവം.

eashodaben

യശോദാബെന്‍ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഭാര്യയാണോ? കഴിഞ്ഞലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ അങ്ങനെ രേഖപ്പെടുത്തിയിരുന്നില്ലേ? വിവാഹ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടോ? ഉണ്ടെങ്കില്‍ അതിന്റെപകര്‍പ്പ് യശോദാബെന്നിന് നല്‍കിക്കൂടേ? നാമനിര്‍ദ്ദേശ പത്രികയില്‍ കാണിച്ചതുപോലെ യശോദാബെന്‍ ഭാര്യയാണെന്ന് അറിയിച്ചുകൊണ്ട് ഒരു സത്യവാങ്മൂലം നല്‍കുന്നതിന് എന്താണ് തടസം? എന്നിങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ചോദ്യങ്ങളെ
ഭയപ്പെടുന്ന പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം നടത്താറില്ല. തന്നോട് കുഴക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാത്ത സ്തുതിപാഠകര്‍ക്ക്മാത്രമേ നരേന്ദ്രമോദി അഭിമുഖങ്ങള്‍ നല്‍കാറുളളൂ.

പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും മുന്നിലുളള മുഖ്യപ്രശ്‌നം രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളാണ്. മുത്തലാഖിന്റെ പേരില്‍ ചൂഷണം നേരിടുന്ന മുസ്ലിം സ്ത്രീകളുടെ ദൈന്യതകളെക്കുറിച്ച് പ്രധാനമന്ത്രി വിങ്ങിപൊട്ടുകയാണ്. മുത്തലാഖാണ് ബിജെപിയുടെ പുതിയ രാഷ്ടീയ ആയുധം. ലക്ഷ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. സ്ത്രീയെ പീഡിപ്പിക്കുന്ന മതമാണ് ഇസ്ലാം മതമെന്ന പ്രതീതിയുണ്ടാക്കി ഹിന്ദുക്കള്‍ക്കിടയില്‍ കടുത്ത മുസ്ലിം വിരുദ്ധവികാരം ഉണ്ടാക്കുക എന്നത് മാത്രമാണ്
ലക്ഷ്യം. ആ വികാരതളളിച്ചയുടെ തേരോട്ടത്തില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാമെന്ന് നരേന്ദ്രമോദി കണക്കുകൂട്ടുന്നു. ഇത്തരം തരംതാണ രാഷ്ട്രീയ അഭ്യാസങ്ങള്‍ക്കിടയില്‍ ജാതി മതഭേദമന്യേ ഇന്ത്യന്‍ സ്ത്രീ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേയ്ക്ക് സത്യസന്ധതയോടെകണ്ണോടിച്ചിരുന്നെങ്കില്‍ യശോധാബെന്നിന് എന്നോ പാസ്‌പോര്‍ട്ട് ലഭിക്കുമായിരുന്നു.

  • വ്യക്തിനിയമവും സംഘപരിവാറും

മുത്തലാഖ് നിയമവിരുദ്ധമാണ്. 2002ല്‍ ഷാമിം അര വേഴ്‌സസ് ഗവണ്‍മെന്റെ് ഓഫ് ഉത്തര്‍പ്രദേശ് എന്ന കേസിന്റെ വിധിന്യായത്തിലൂടെ സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും രാജ്യത്ത് പലയിടത്തും പൗരോഹിത്യത്തിന്റെ പിന്തുണയോടെ മുത്തലാഖ് നടക്കുന്നുണ്ട്. ഇതിനെതിരെ മുസ്ലിം സംഘടനകള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരണം. സ്ത്രീവിരുദ്ധമായ നടപടികള്‍ അടിച്ചേല്‍പിക്കുന്നത് മുസ്ലിം പൗരോഹിത്യം മാത്രമാണോ? ബഹുഭാര്യത്വം അവസാാനിപ്പിക്കുക, പിതാവിന്റെ സ്വത്തില്‍ മകനോടൊപ്പം ഭാര്യയ്ക്കും മകള്‍ക്കും തുല്യ അവകാശം നല്കുക, വിവാഹമോചനം നടക്കുമ്പോള്‍ സ്ത്രീക്ക് നീതി ഉറപ്പ് വരുത്തുക എന്നിങ്ങനെയുളള വ്യവസ്ഥകളോടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍
നെഹ്‌റുവും ആദ്യ നിയമമന്ത്രി ബി.ആര്‍ അംബേദ്ക്കറും ചേര്‍ന്ന് ഹിന്ദു കോഡ് ബില്‍ കൊണ്ടുവന്നപ്പോള്‍ പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത് ആര്‍എസ്എസ് ആയിരുന്നു.

triple-talaq

വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവ സംമ്പന്ധിച്ച് ഹിന്ദുക്കള്‍ പിന്തുടരേണ്ടത് ധര്‍മ്മശാസ്തങ്ങളാണെന്നായിരുന്നു സംഘപരിവാറിന്റെ നിലപാട്. 1949ല്‍ ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് അഖിലേന്ത്യാഹിന്ദു കോഡ് ബില്‍ വിരുദ്്ധസമിതി രൂപീകരിച്ചു. ദ്വാരക ശങ്കരാചാര്യര്‍ മുതല്‍ സ്വാമി കര്‍പാത്രിജി മഹാരാജ് വരെയുളള സന്യാസികളും ശ്യാമപ്രസാദ് മുഖര്‍ജി ഉല്‍പ്പെടെയുളള പ്രമുഖരായ ജനസംഘം
നേതാക്കളേയും അണിനിരത്തിക്കൊണ്ട് നിയമത്തിനെതിരെ രാജ്യത്തുടനീളം ആയിരകണക്കിന് പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. ബ്രാഹ്മണരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പഴയ തൊട്ടുകൂടാത്തവന് എന്താണ് അവകാശം എന്നുവരെ കര്‍പാത്രിജിയുടെ ചോദിച്ചു. 1955,1956 വര്‍ഷങ്ങളിലായി ജനസംഘത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഹിന്ദുവിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ദത്തെടുക്കല്‍ നിയമം തുടങ്ങിയവ പാര്‍ലമെന്റ് പാസാക്കി.

  • സതിയും വിജയരാജ സിന്ധ്യയും

1987 സെപ്തംബര്‍ 4ന് രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ ദിയോരാള ഗ്രാമത്തില്‍ രൂപ് കന്‍വാര്‍ എന്ന സ്ത്രീ സതി അനുഷ്ഠിച്ചത് രാജ്യത്തെ മാത്രമല്ല ലോകത്തെതന്നെ നടുക്കി. എന്നാല്‍ സംഭവത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ട് ഒരുവിഭാഗം രംഗത്ത് വന്നു. ഇവരിലെ ഏറ്റവും പ്രമുഖ അന്നത്തെ ബിജെപിയുടെ തലമുതിര്‍ന്ന നേതാവായിരുന്ന വിജയരാജ സിന്ധ്യയായിരുന്നു. 1829ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സതി
എന്ന ദുരാചാരത്തെ വിജയരാജ സിന്ധ്യ മഹത്വവത്ക്കരിച്ചപ്പോള്‍ ആര്‍എസ്എസിന്റെ സ്ത്രീപക്ഷമുഖം വികൃതമായി. എന്നാല്‍ വിജയരാജ സിന്ധ്യക്ക് പിന്നാലെ നിരവധി പേര്‍ സതിയെ പ്രകീര്‍ത്തിച്ച് പരസ്യപ്രതികരണവുമായി രംഗത്ത് വന്നു.

vijaya-raje-scindia

പ്രതിഷേധം ശക്തമായപ്പോള്‍ അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന ഹരിദേവ് ജോഷി സര്‍ക്കാര്‍ ബി.ജെ.പി നേതാക്കളായ രാജേന്ദ്രസിംഗ് റാത്തോര്‍, പ്രതാപ് സിംഗ് കച്ചാരിയാവാസ്, നരേന്ദ്രസിംഗ് എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ കേസ് വിചാരണക്കെടുത്തപ്പോള്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. 2004ല്‍ കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെവിട്ടു. വിധിന്യായത്തില്‍ പഴുതുകള്‍ ഏറെയുണ്ടായിരുന്നു. പക്ഷെ കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലും
അന്നും ഇന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്ധരരാജസിന്ധ്യ (വിജയരാജസിന്ധ്യയുടെ മകള്‍) തയ്യാറായില്ല. അന്ധവിശ്വാസത്തിന്റെ പേരില്‍ ചുട്ടുകൊന്ന രൂപ് കന്‍വാറിനോട് പോലും നീതിപുലര്‍ത്താത്ത സംഘപരിവാറാണ് ഇപ്പോള്‍ മുസ്ലിം സ്ത്രീകളുടെ ദൈന്യതകളെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നത്.

  • ജാതി പഞ്ചായത്തുകളെ സംരക്ഷിക്കുന്നതാര്?

ഹിന്ദുവ്യക്തിനിയമങ്ങള്‍ സ്ത്രീക്ക് സുരക്ഷിതത്ത്വം നല്കുന്നവയാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ പലയിടങ്ങളിലും ഇവ നടപ്പിലാവുന്നില്ല. അനൗദ്യാഗികമായി പലയിടങ്ങളിലും ബഹുഭാര്യാത്വം നടക്കുന്നുണ്ട്. പിതാവിന്റെ സ്വത്തിലെ അര്‍ഹമായ വിഹിതം പല പെണ്‍മക്കള്‍ക്കും ലഭിക്കുന്നില്ല. പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് ജാതി പഞ്ചായത്തുകളാണ്. ഒട്ടുമിക്ക ദുരഭിമാനഹത്യകളും നടക്കുന്നത് ജാതി പഞ്ചായത്തുകളുടെ കല്പനകളെ തുടര്‍ന്നായിരുന്നു. ഹരിയാനയിലെ കുപ്രസിദ്ധമായ കാപ്പ് പഞ്ചായത്തുകളെ
നിരോധിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ ഇതിന് വിഘാതം നില്‍ക്കുന്നത് ആര്‍എസ്എസ് ആണ്. ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതീകമെന്നാണ് ഇന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ കാപ്പ് പഞ്ചായത്തുകളെ വിശേഷിപ്പിച്ചത്.

Khap-panchayat

കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റെിനെ അറിയിച്ച വിവരം അനുസരിച്ച് 2015ല്‍ രാജ്യത്തൊട്ടാകെ 251 ദുരഭിമാനഹത്യകള്‍ നടന്നു. ഇവയിലെ തൊണ്ണൂറ് ശതമാനവും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി എന്നീ സംസ്ഥാനങ്ങളിലാണ് നടന്നത്. 2010ല്‍ നിയമ വിദഗ്ധരായ അനില്‍മല്‍ഹോത്രയും രജ്ജിത മല്‍ഹോത്രയും നടത്തിയ പഠനം വര്‍ഷന്തോറും ആയിരത്തോളം പേര്‍ കാപ്പ് പഞ്ചായത്തുകള്‍ നടത്തുന്ന ദുരഭിമാനഹത്യക്ക് ഇരയാവുന്നുണ്ടെന്ന് ചൂണ്ടികാട്ടുന്നു. ദുരഭിമാനഹത്യകള്‍ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കോടതികള്‍ പലതവണ നിര്‍ദ്ദേശിച്ചിരുനനു. 2014ല്‍ നിയമ കമ്മീഷനും ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. എന്നാല്‍ കേന്ദ്രത്തിന് കുലുക്കമില്ല. മുത്തലാഖിനെതിരെ ആക്രോശിക്കുന്നവര്‍ കാപ്പ് പഞ്ചായത്തുകള്‍ നടത്തുന്ന സമാന്തര ഭരണ നിര്‍വ്വഹണ സംവിധാനങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്നു.

വേണ്ടത് സമഗ്രമായ പൊളിച്ചെഴുത്താണ്. ഹിന്ദുവായാലും മുസ്ലീമായാലും സമാന്തരകോടതികള്‍ അനുവദിക്കരുത്. വോട്ടുബാങ്കും തെരെഞ്ഞെടുപ്പും ലക്ഷ്യമിടാതെ സ്ത്രീയുടെ സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷണവും ശാക്തീകരണവും ഉറപ്പുവരുത്താനാവശ്യമായ നടപടികളാണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel