കൊടുംകാട്ടിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടി; വനമധ്യത്തിൽ മരണത്തോട് മല്ലിട്ട് ഒരു ഒറ്റയാൻ കൊമ്പൻ

പത്തനംതിട്ട: കൊടുംകാട്ടിൽ കാട്ടാനകൾ തമ്മിൽ നടന്ന ഏറ്റമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് ഒറ്റയാൻ കൊമ്പൻ മരണത്തോട് മല്ലടിച്ച് കിടക്കുന്നു. ആനകൾ തമ്മിലുള്ള സംഘർഷത്തിൽ തലയ്ക്കാണ് കൊമ്പന് ഗുരതരമായി മുറിവേറ്റിട്ടുള്ളത്. ഇതേതുടർന്ന് അനങ്ങാനാകാതെ കിടക്കുകയാണ് കാട്ടാന. മണിയാർ വനത്തിനുള്ളിലാണ് കാട്ടാന മുറിവേറ്റു കിടക്കുന്നത്.

25 വയസ്സ് പ്രായമ്മുള്ള കാട്ടാനയാണ് മുറിവേറ്റു കിടക്കുന്നത്. പെരിയാർ ടൈഗർ റിസർവിൽ നിന്നും വെറ്ററിനറി ഡോക്ടർമാരെ എത്തിച്ച് രാത്രി ഏറെ വൈകിയും കാട്ടുകൊമ്പന്റെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലാണ് റാന്നി ഡിഎഫ്ഒയുടെ നേതൃതത്വത്തിലുള്ള വനപാലകർ. വടശ്ശേരിക്കര ഫോറസ്റ്റ് റേഞ്ച് പരിധിയിൽ പെട്ട മണിയാർ കട്ടച്ചിറ റോഡിൽ പേക്കാവ് വനത്തിൽ അടിക്കുഴി ഭാഗത്താണ് കാട്ടുകൊമ്പൻ അവശനിലയിൽ കിടക്കുന്നത്.

കൊമ്പിനു താഴെ വായയോടു ചേർന്ന ഭാഗത്ത് കുത്തേറ്റ് നിലയിലാണ് ആന. ഇന്നലെ രാവിലെ പേക്കാവ് വനത്തിൽ പണിക്കു പോയ തൊഴിലാളികളാണ് കാട്ടാനയെ കണ്ടത്. ഉടനെ മണിയാർ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലും വടശ്ശേരിക്കര റേഞ്ച് ഓഫീസിലും വിവരമറിയിച്ചു. സംഭവമറിഞ്ഞ് വനപാലകർ ഉടൻ തന്നെ സ്ഥലത്തെത്തി.

റാന്നി ഡിഎഫ്ഒ കൊച്ചു കാഞ്ഞിരം, എ.സി.എഫ് ലക്ഷ്മി, വടശേരിക്കര റേഞ്ച്ഓഫീസർ സലാഹുദ്ദീൻ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തി. വൈകീട്ട് നാലു മണിയോടെ തേക്കടിയിൽനിന്നു വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടർ അൽഫത്തൽ സ്ഥലത്തെത്തി ആനയ്ക്കു വേണ്ട ചികിൽസ നൽകി. വടശേരിക്കര, തണ്ണിത്തോട്, ചിറ്റാർ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകർ രാത്രിയിലും സ്ഥലത്തെത്തി ആനയെ നിരീക്ഷിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News